25 April 2024 Thursday

യെമനിൽ ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ കോടതി ശരിവച്ചു

ckmnews

യെമനിൽ ജയിലിൽ കഴിയുന്ന പാലക്കാട്  സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ കോടതി ശരിവച്ചു


യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമനിൽ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ കോടതി ശരിവച്ചു. വധശിക്ഷയ്ക്കെതിരെയുള്ള അപ്പീൽ കോടതി തള്ളുകയായിരുന്നു. 


യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017 ജൂലൈ 25നാണ് കൊല്ലപ്പെട്ടത്. തലാലിനൊപ്പം ക്ലിനിക് നടത്തിയിരുന്ന നിമിഷപ്രിയ കേസിൽ അറസ്റ്റിലായി. കീഴ്ക്കോടതി നിമിഷയ്ക്കു വധശിക്ഷ വിധിച്ചു. യെമൻകാരിയായ സഹപ്രവർത്തക ഹനാനും കേസിൽ വിചാരണ നേരിടുന്നുണ്ട്. കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയുടെ മകളാണു നിമിഷപ്രിയ.


തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണ് കേസ്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്തു ഭാര്യയാക്കി വയ്ക്കാൻ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു.