24 April 2024 Wednesday

യുക്രൈൻ യുദ്ധമുഖത്ത് നിന്ന് ആശ്വാസതീരത്തണഞ്ഞ് ചാലിശേരിയുടെ സഹോദരങ്ങൾ

ckmnews

യുക്രൈൻ യുദ്ധമുഖത്ത് നിന്ന് ആശ്വാസതീരത്തണഞ്ഞ് ചാലിശേരിയുടെ സഹോദരങ്ങൾ 


ചങ്ങരംകുളം: യുക്രൈൻ യുദ്ധമുഖത്ത് നിന്ന് സഹോദരങ്ങൾ  സുരക്ഷിതമായി നാട്ടിലെത്തിയതിന്റെ ആശ്വാസതീരത്താണ് പാലക്കാട്  ചാലിശേരി ഗ്രാമം.ചാലിശേരി അങ്ങാടി പന്ത്രണ്ടാം വാർഡ്   മുലേപാട്ട് കൊള്ളന്നൂർ  വിജി - റിനി ദമ്പതിമാരുടെ രണ്ട് മക്കളായ ക്രിസ്റ്റ്യൻ ജയിംസ് , കാതറിൻ ജയിംസ് എന്നിവരാണ്  യുക്രൈയിനിൽ നിന്ന് ഞായറാഴ്ച രാവിലെ  നാട്ടിലെത്തിയത്.വിവരങ്ങൾ പങ്കു വെക്കുമ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ യുദ്ധ മുഖത്തെ മറക്കാൻ കഴിയാത്ത    നേർ കാഴ്ചയുടെ പ്രതിഫലനങ്ങൾ ഇരുവരുടേയും മുഖങ്ങളിൽ പ്രകടമായിരുന്നു.യുദ്ധം തുടങ്ങിയതു മുതൽ കുടുംബവും , ബന്ധുക്കളും ദേശവാസികളും ഏറെ ആശങ്കയിലായിരുന്നു.ഒഡേസ നാഷ്ണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ അവസാന വർഷ വിദ്യാർത്ഥിയാണ് ക്രിസ്റ്റിൻ , സഹോദരി കാതറിൻ ഹർക്കീവ് വി.എൻ.കറാസീൻ മെഡിക്കൽ യൂണിവേഴ്സിറ്റി രണ്ടാംവർഷ വിദ്യാർത്ഥിയാണ്.പിതാവ് വിജിയുടെ ഗ്രാന്റ് ഫാദർ ഡോക്ടറായിരുന്നു.ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ബ്രീട്ടിഷ് ഭരണകാലത്ത് മദ്രാസ് സ്റ്റേറ്റ്   മലബാറിലെ മെഡിക്കൽ ഓഫീസറായി പ്രവർത്തിച്ച  ഡോ.കെ.വി കാക്കുവിന്റെ പാത പിൻതുടരുവാനാണ്  മൂന്നാം തലമുറയിൽപ്പെട്ട രണ്ട് പേരും എം.ബി.ബി.എസ് പഠനത്തിനായി  2017 , 2020 വർഷങ്ങളിൽ  യുക്രൈയിനിൽ എത്തിയത്.യുദ്ധം രൂക്ഷമായ കീവിലാണ് കാതറിൻ  ഹോസ്റ്റലിൽ താമസിച്ചിരുന്നത് .വിദ്യാർത്ഥികളെ കൊണ്ടുപോയ മെക്കവേ ഏജൻസീസ് ഇവർക്കുവേണ്ട ഭക്ഷണം നൽകിയിരുന്നത് വളരെ ആശ്വാസമായിരുന്നെന്ന് കാതറിൻ പറഞ്ഞു.ഖാർകീവിലേക് റഷ്യൻ ആക്രമണം വ്യാപിച്ചതോടെ താമസം ഭൂഗർഭ അറക്കുള്ളിലെ   മെട്രോ സ്റ്റേഷനിലേക്കി മാറ്റി.ഇടയ്ക്ക് ഭക്ഷണത്തിനായി ഹോസ്റ്റലിലേക്ക് പോകുന്ന സമയം നാട്ടിലേക്ക് ഫോൺ വിളിക്കും.വിദ്യാർത്ഥികൾക്ക് ഹോസ്റ്റലിലേക്ക് ഭക്ഷണം എത്തിക്കുന്നതിനായി ഇവരെ കൊണ്ടുപോയ മെക്കവേ ഏജൻസീസ് ഭക്ഷണം നൽകുവാൻ ഹോട്ടലുടമ തമിഴ്നാട് സ്വദേശിയെ ഏർപ്പാടാക്കി നൽകിയത് ആശ്വാസമായി.

സൈറൺ മുഴുങ്ങുന്നത് കേൾക്കുമ്പോൾ അറക്കുള്ളിലെത്തും.ഇവിടെ നിന്ന് മാർച്ച് ഒന്നിന് ടാക്സി മാർഗ്ഗം കൂടെ താമസിക്കുന്ന എട്ടുപേർ രണ്ട് ടാക്സികാറിലായി റെയിൽവേ സ്റ്റേഷനിലെത്തി.അപകട ഭീഷണി ഉളളതിനാൽ ട്രയിനിലെ വൈദ്യുതി വെളിച്ചം ഇല്ലാതെയായിരുന്ന യാത്ര.മൊബൈലിൽ ഇന്ത്യൻ പതാക വാൾ പേപ്പറാക്കിയാണ് യാത്ര നടത്തിയത്.ഇരുപത്തിയൊന്ന്  മണിക്കൂർ യാത്ര ചെയ്ത് ലിവ് വെ എത്തിയപ്പോൾ എല്ലാവർക്കും മെയ്ക്ക്എവെ ക്രിസ്ത്യൻ ചാരിറ്റി എല്ലാ സഹായവും ഭക്ഷണവും തന്നത് മറക്കാനാകാത്ത സംഭവമായി.റഷ്യൻ സൈന്യത്തിന്റെ സ്ഫോടനത്തിന്റെ നടുക്കുന്ന കാഴ്ചയിലൂടെ യുക്രൈൻ ബോർഡ് ചോപ്പ് മുതൽ  മലയാളി ഡോക്ടർമാരായ ടിക്കു , അശ്വിൻ എന്നിവർ ദൈവദൂതനെ പോലെ ഇവരെ സഹായിച്ചു .തുടർന്നാണ് ഹംഗറിയിലെ ബുഡാപെസ്റ്റിലെ ഹോട്ടലിലെത്തിയത്.

 അപ്രതീക്ഷതമായാണ്  സഹോദരങ്ങൾ ഇവിടെ ഒന്നിച്ചെത്തിയത്.സഹോദരിയെ നെഞ്ചോട് ചേർത്ത് വെച്ച് ഇരുവരും നാട്ടിലെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിക്കുമ്പോൾ  പിതാവ് വിജിക്കും  മാതാവ്  റിനിക്കും അച്ചമ്മ ലില്ലിക്കും  ആനന്ദത്തിന്റെ കണ്ണീർമഴയായിരുന്നു.കഴിഞ്ഞ വർഷം രണ്ട് മാസത്തെ അവധി കഴിഞ്ഞ് സെപ്റ്റംബറിലാണ് ഇരുവരും ഒന്നിച്ച്  യുക്രൈയിനിലേക്ക് പോയത്.യുദ്ധത്തിന്റെ സൂചനകൾ ലഭിച്ചതു മുതൽ നാട്ടിലേക്ക് വരുവാൻ ശ്രമിച്ചിരുന്നു.ഏത് നിമിഷവും തയ്യാറായിരിക്കാനാണ് കിട്ടിയ നിർദ്ദേശം.ഒരുമിച്ച്  ജന്മനാട്ടിലെത്തുവാൻ കഴിയുമെന്ന് ഇവർ സ്വപനത്തിൽ പോലും കരുതിയതല്ല.വെള്ളിയാഴ്ച രാത്രി ഇസ്താംബൂൾ വഴി രണ്ട് പേരും ഡൽഹിയിലിറങ്ങി കേരള ഹൗസിലെത്തി.ശനിയാഴ്ച രാത്രി  പപ്പയും മമ്മിയും മക്കളെ കാണുവാൻ  കൊച്ചിയിലെത്തി രാത്രി ആദ്യം സഹോദരി കാതറിനും  

ഞായറാഴ്ച പുലർച്ച ജേഷ്ഠനും  ഡൽഹിയിൽ നിന്ന്  ചാർടേഡ് വിമാനത്തിൽ  നെടുമ്പാശേരിയിലെത്തി.ഞായറാഴ്ച രാവിലെ  വീട്ടിലെത്തിയ ഉടനെ കുടുംബവുമൊത്ത് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ കുർബ്ബാനയിൽ പങ്കെടുത്ത് ഏറെ നേരം  പ്രാർത്ഥനയിൽ മുഴുക്കി.എല്ലാ ദൈവത്തിന്റെ കൃപമാത്രമാണെന്നും സുരക്ഷിതമായി നാട്ടിലെത്താൻ സഹായിച്ച ഇന്ത്യൻ എംബസിക്കും ,കേന്ദ്ര-കേരള സർക്കാരിനോടും പ്രാർത്ഥനയും സ്നേഹവും അർപ്പിച്ച് ഒപ്പം നിന്നവർക്കും  ചാലിശേരി വീട്ടിലെത്തിയ ക്രിസ്റ്റ്യനും ,  കാതറിനും കുടുംബവും  നന്ദിപറഞ്ഞു.യുദ്ധമുഖത്ത് നിന്ന്  നാട്ടിലെത്തിയെങ്കിലും കൂടെയുള്ളവർക്കും സുമിയിലുള്ള എല്ലാവർക്കും   ജന്മനാട്ടിലെത്തുവാൻ കഴിയട്ടെ എന്ന പ്രാർത്ഥനയാണ് ക്രിസ്റ്റ്യനും കാതറിനുമുള്ളത്.പഠനം ഓൺലൈനായി തുടരുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.ഭവനത്തിലെത്തിയ സഹോദരങ്ങളുമായി  യാക്കോബായ സഭ തൃശൂർ ഭദ്രാസനാധിപൻ ഡോ.കുരിയാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത ,ഇടവക വികാരി ഫാ.ജെക്കബ് കക്കാട്ട്  എന്നിവർ   സംസാരിച്ചു.