27 November 2022 Sunday

യുപിയിൽ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയ മലയാളി ജവാൻ സ്വയം വെടിവച്ച് മരിച്ച നിലയിൽ

ckmnews

യുപിയിൽ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയ മലയാളി ജവാൻ സ്വയം വെടിവച്ച് മരിച്ച നിലയിൽ


കണ്ണൂർ ∙ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സുരക്ഷാ ഡ്യൂട്ടിക്ക് എത്തിയ മലയാളി സിആർപിഎഫ് ജവാൻ ജീവനൊടുക്കിയ നിലയിൽ. തെക്കി ബസാർ ഗോകുൽ സ്ട്രീറ്റിൽ എം.എൻ.വിപിൻദാസ് (37) ആണ് മരിച്ചത്. സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക വിവരം. ഉത്തർപ്രദേശിലെ ചന്തൗലി ജില്ലയിലെ തെക്കിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 


ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം മുതൽ വിപിൻദാസ് അംഗമായ ബറ്റാലിയന് സുരക്ഷാ ചുമതലയുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു ആറാം ഘട്ട തിരഞ്ഞെടുപ്പ്. ചാകിയ കോട്‌വാലിയിലെ ശിക്കാർഗഞ്ചിലുള്ള എസ്ആർബിഎസ് സ്കൂളിലാണ് സൈനികർ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി വൈകി ഭക്ഷണം കഴിച്ച് കിടന്നശേഷം എല്ലാവരും ഉറങ്ങാൻ തുടങ്ങിയപ്പോഴാണ് വെടിയൊച്ച കേട്ടതെന്നു സഹപ്രവർത്തകർ പറഞ്ഞതായി ഉത്തർപ്രദേശില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


വിപിൻ ദാസിന്റെ അടുത്തെത്തിയപ്പോൾ തലയിൽ നിന്നു രക്തം വരുന്നുണ്ടായിരുന്നു. ഇൻസാസ് റൈഫിളും ബുള്ളറ്റും സമീപത്തുണ്ടായിരുന്നു. ഉദ്യോഗസ്ഥർ ലോക്കൽ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച വൈകിട്ടോടെ മൃതദേഹം വീട്ടിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്.


വിപിന്റെ വീടിന്റെ കുറ്റിയടി അടുത്ത ആഴ്ച നടത്താൻ നിശ്ചയിച്ചിരുന്നു. ഈ ചടങ്ങിൽ പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും മേലുദ്യോഗസ്ഥർ അവധി അനുവദിച്ചിരുന്നില്ലെന്നും ഇതിന്റെ നിരാശയും ജോലി സമ്മർദവുമാണ് ജീവനൊടുക്കാൻ കാരണമെന്നു സുഹൃത്തുക്കൾ പറയുന്നു. എരുമത്തെരുവിലെ എംഎൻ ഹൗസിലെ ദാസൻ – രുഗ്മിണി ദമ്പതികളുടെ മകനാണ്. ഭാര്യ: കീർത്തന. മകൾ: അൻവിക. സഹോദരങ്ങൾ: എം.എൻ.വിവേക്, വിദ്യ. 2005ൽ ആണ് വിപിൻദാസ് സിആർപിഎഫിൽ ചേർന്നത്

ckmnews