28 March 2024 Thursday

ഇന്ത്യക്കാരെല്ലാം ഖര്‍കീവ് വിട്ടു; രക്ഷാദൗത്യത്തിന്റെ ശ്രദ്ധ ഇപ്പോള്‍ സുമിയിലെന്ന് കേന്ദ്ര സര്‍ക്കാര്‍

ckmnews

ഇന്ത്യക്കാരെല്ലാം ഖര്‍കീവ് വിട്ടു; രക്ഷാദൗത്യത്തിന്റെ ശ്രദ്ധ ഇപ്പോള്‍ സുമിയിലെന്ന് കേന്ദ്ര സര്‍ക്കാര്‍


ന്യൂഡല്‍ഹി: റഷ്യന്‍ ആക്രമണം രൂക്ഷമായ ഖര്‍കീവില്‍ ഒരു ഇന്ത്യക്കാരനും അവശേഷിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രക്ഷാദൗത്യത്തിന്റെ ശ്രദ്ധ ഇപ്പോള്‍ സുമിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ മാറ്റുക എന്നതാണെന്ന് വിദേശകാര്യ മന്ത്രാലയ വാക്താവ് അരവിന്ദം ബാഗ്ചി വ്യക്തമാക്കി.


സുമിയില്‍ സംഘര്‍ഷം തുടരുന്നതും ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയും രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്. 63 ഫ്‌ളൈറ്റുകളിലായി 13,300 പേരെ ഇന്ത്യയിലെത്തിയച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി 24 മണിക്കൂറിനുള്ളില്‍ 13 ഫ്‌ളൈറ്റുകള്‍ ഷെഡ്യൂള്‍ ചെയ്തതായി ബാഗ്ചി അറിയിച്ചു.


സുമിയാണിപ്പോള്‍ പ്രധാന പ്രശ്നം. ഷെല്ലാക്രമണം തുടരുന്നത് ജീവന്‍ അപകടത്തിലാക്കാം. വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഡല്‍ഹിയിലെത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്ക് മടങ്ങാന്‍ പ്രത്യേക വിമാനങ്ങളും സജ്ജീരിച്ചിട്ടുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ കേരളഹൗസില്‍ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.


അതേസമയം താത്കാലിക വെടിനിര്‍ത്തല്‍ ഇടയ്ക്ക് പ്രഖ്യാപിച്ചെങ്കിലും അത് അവസാനിപ്പിക്കുന്നതായി രാത്രിയോടെ വ്യക്തമാക്കിയ റഷ്യ യുദ്ധം പുനഃരാരംഭിച്ചതായും അറിയിച്ചു.



ബെലാറസിലെ ബ്രെസ്റ്റില്‍ നടന്ന രണ്ടാം റൗണ്ട് ചര്‍ച്ചയില്‍ നേരത്തെ യുക്രേനിയന്‍ പ്രതിനിധികളുമായി മാനുഷിക ഇടനാഴികളും എക്‌സിറ്റ് റൂട്ടുകളും ചര്‍ച്ച ചെയ്തിരുന്നതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.