20 April 2024 Saturday

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തട്ടിപ്പ്; ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട്, അനക്കമില്ലാതെ വിജിലന്‍സ്

ckmnews

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ  വൈറോളജി ലാബിലേക്ക് വാങ്ങിയ ഉപകരങ്ങളില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നെന്ന് കാട്ടി വിജിലന്‍സിന് നല്‍കിയ പരാതിയില്‍ തുടരന്വേഷണത്തിന് മൂന്ന് വർഷത്തിനപ്പുറവും സർക്കാർ അനുമതിയില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉദ്യോഗസ്ഥർ തന്നെയാണ് വ്യാജ ഉപകരണങ്ങളടക്കം വാങ്ങി ക്രമക്കേട് നടത്തിയെന്ന് തെളിവുകൾ സഹിതം കോഴിക്കോട് വിജിലന്‍സിന് പരാതി നല്‍കിയത്. അതേസമയം കോടതിയെയും കേന്ദ്ര ഏജന്‍സികളെയും സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാർ.

2019 ലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വൈറസ് റിസർച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലേക്കായി വിവിധ ഉപകരണങ്ങൾ വാങ്ങിയതില്‍ ഗുരുതര ക്രമക്കേടുകളുണ്ടെന്ന പരാതി കോഴിക്കോട് വിജലന്‍സ് സംഘത്തിന് ലഭിക്കുന്നത്. ആശുപത്രിയിലെ തന്നെ ഉദ്യോഗസ്ഥരായിരുന്നു രഹസ്യമായി പരാതി നല്‍കിയത്. 2017 ല്‍ 6.92 ലക്ഷം രൂപ മുടക്കി ലാബിലേക്ക് വാങ്ങിയ നാല് തരം ടെസ്റ്റിംഗ് കിറ്റുകളെ പറ്റിയായിരുന്നു ആദ്യത്തെ പരാതി. ആർഎഎസ് ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍നിന്നാണ് കിറ്റുകൾ വാങ്ങിയത്. എന്നാല്‍ വിതരണം ചെയ്തതില്‍ 3 തരം കിറ്റുകളും തങ്ങൾ നിർമ്മിച്ചതോ വിതരണം ചെയ്തതോ അല്ലെന്ന് കമ്പനി അധികൃതർ തന്നെ പിന്നീട് അറിയിച്ചു. ഈ കിറ്റുകൾ ആര് നിർമ്മിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.