23 March 2023 Thursday

അന്ധരായ മാതാപിതാക്കൾക്ക് വെളിച്ചമായി എട്ട് വയസ്സുകാരി എയ്ഞ്ചലീന

ckmnews

ഇടുക്കി: കാഴ്ചയില്ലാത്ത രാജേശ്വരിയുടെയും അഴകുമൂർത്തിയുടെയും കണ്ണ് ഇന്ന് എട്ട് വയസ്സുകാരി മകൾ എയ്ഞ്ചലീന മേഴ്സിയാണ്. തമിഴ്നാട് സ്വദേശികളായ ഈ ദമ്പതികൾ ഇടുക്കിയിൽ ലോട്ടറി വിറ്റാണ് ജീവിക്കുന്നത്. നെടുങ്കണ്ടം തൂക്കുപാലം മേഖലയിലാണ് അഴകുമൂർത്തി ലോട്ടറി വിൽക്കുന്നത്. സ്കൂൾ വിട്ട് വന്ന ശേഷം മകൾക്കൊപ്പമാണ് രാജേശ്വരി ലോട്ടറി വിൽക്കാൻ ഇറങ്ങുക. 


വലുതായിട്ട് മാതാപിതാക്കൾക്ക് നല്ല ചികിത്സയിലൂടെ കാഴ്ച നൽകണമെന്നാണ് കുഞ്ഞ് എയ്ഞ്ചലീനയുടെ സ്വപ്നം, പിന്നെ ഒരു സൈക്കിളും അവളുടെ ആഗ്രഹമാണ്. നെടുങ്കണ്ടം എസ്എച്ച് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് എയ്ഞ്ചലീന. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ ഏയ്ഞ്ചലീനയ്ക്ക് പഠിക്കാൻ നെടുങ്കണ്ടം പൊലീസ് ഒരു ഫോൺ നൽകിയിരുന്നെങ്കിലും അത് അഴകുമൂർത്തിയുടെ കയ്യിൽ നിന്ന് മോഷണം പോയി. പിന്നീട് മറ്റൊരു ഫോൺകൂടി വാങ്ങിയെങ്കിലും അതും ആരോ കവർന്നു. 


നെടുങ്കണ്ടം എസ്എച്ച് ഇംഗ്ലിഷ് മീഡിയം സ്കൂൾ മകളുടെ പഠിത്തം സൌജന്യമാക്കിയതോടെ അൽപ്പം ആശ്വാസത്തിലാണ് ഈ ദമ്പതികൾ. ഇനി ഒരു വീടും മകൾക്ക് കൂടുതൽ വിദ്യാഭ്യാസം നൽകുകയുമായണ് ഇവരുടെ ആഗ്രഹവും ലക്ഷ്യവും. അഴകുമൂർത്തിക്ക് ജന്മനാ കാഴ്ചയുണ്ടായിരുന്നില്ല, രാജേശ്വരിയ്ക്ക് 17 വയസ്സ് വരെ കാഴ്ചയുണ്ടായിരുന്നെങ്കിലും പിന്നീട് കാഴ്ച നഷ്ടപ്പെട്ടു. ഞരമ്പ് ചുരുങ്ങുന്ന രോഗത്തെ തുടർന്ന് കാഴ്ച നഷ്ടപ്പെടുകായിരുന്നു.