25 April 2024 Thursday

ഭരണ കർത്താക്കൾ നിക്ഷേപ ഭീകരതയുടെ വക്താക്കളായി മാറുന്നു: പി.സുരേന്ദ്രൻ

ckmnews


തിരുന്നാവായ:ജനഹിതമറിയാൻ തയ്യാറാവാത്ത ഭരണകർത്താക്കൾ നിക്ഷേപ ഭീകരതയുടെ വക്താക്കളായി മാറുകയാണെന്ന് കഥാകൃത്ത്  പി. സുരേന്ദ്രൻ  പ്രസ്താവിച്ചു.കെ റെയിൽ പോലുള്ള പദ്ധതികൾ സംസ്ഥാനത്തെ  പാരിസ്ഥിതികമായ സർവ്വനാശത്തിലേക്ക്  നയിക്കാനെ ഉപകരിക്കുകയുള്ളൂവെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.കെ. റെയിൽ വേണ്ട, കേരളത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി കേരള സർവോദയ മണ്ഡലം സംഘടിപ്പിച്ച ഏകദിന ഉപവാസവും, സംസ്ഥാനതല സമര ഉദ്ഘാടനവും തിരുന്നാവായയിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പാരിസ്ഥിതികമായ നാശത്തെക്കുറിച്ച് യാതൊരു വ്യാകുലതയും ഭരണകൂടങ്ങൾക്കില്ല.

ഇത്തരം പദ്ധതികൾ കടന്നു വരുമ്പോൾ ജനങ്ങളോട് സംസാരിക്കുക എന്ന നീതിബോധം പോലും ഭരണകൂടം പ്രകടിപ്പിക്കുന്നില്ല .പാരിസ്ഥിതികമായി അതീവ ദുർബലമായ സംസ്ഥാനമായി കേരളം മാറി. ഒരു പേമാരിയെ പോലും താങ്ങാനുള്ള ശേഷി പോലും കേരളത്തിനില്ല.ഈ സാഹചര്യത്തിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചെ തീരൂ.

ഇടതുപക്ഷം  ഈ പദ്ധതി സംബന്ധിച്ച് ചർച്ചക്ക് പോലും തയ്യാറാകാതിരുന്നത് തികഞ്ഞ നീതികേടാണെന്നും സുരേന്ദ്രൻ വിശദമാക്കി.സർവ്വോദയ മണ്ഡലം  സംസ്ഥാന പ്രസിഡണ്ട് ഡോ. ജോസ് മാത്യു ആധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ബാലകൃഷ്ണൻ, സെക്രട്ടറിമാരായ യു രാമചന്ദ്രൻ ,  എച്ച്. സുധീർ, ട്രഷറർ വൈ. എം. സി. ചന്ദ്രശേഖരൻ, മുളക്കൽ മുഹമ്മദലി, ഫിറോസ് ഖാൻ അണ്ണക്കമ്പാട്, കെ റെയിൽ - സിൽവർ ലൈൻ വിരുദ്ധ സമിതി സംസ്ഥാന വനിതാ കൺവീനർ ഡോ എസ് അലീന, ജില്ലാ കൺവീനർ പി.കെ. പ്രഭാഷ്,  രമേഷ് മേത്തല, ഷാജു മഠത്തിൽ, എം.ഇ ഉത്തമ കുറുപ്പ് , പി. ശിവാനന്ദൻ, യു .വി .സി . മനോജ്, എ.കെ. വിജയൻ , ആർ. അജിത് എന്നിവർ പ്രസംഗിച്ചു. ഡോ. ജോസ് മാത്യുവിൻ്റെ നേതൃത്വത്തിൽ സംസ്ഥാന ജില്ലാ സർവോദയ നേതാക്കളാണ് ഉപവാസമനുഷ്ഠിച്ചത്.