23 April 2024 Tuesday

ജനസാഗരം ഒഴുകിയെത്തിയ ചാലിശ്ശേരി പൂരത്തിന് സമാപനം

ckmnews

ജനസാഗരം ഒഴുകിയെത്തിയ ചാലിശ്ശേരി പൂരത്തിന് സമാപനം


ചങ്ങരംകുളം : ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോൽസവം മതസൗഹാർദ ത്തിന്റെ നേർക്കാഴ്ചയായി.ക്ഷേത്രത്തിൽ ഞായറാഴ്ച പുലർച്ച  2.30 ന് നട തുറന്നു വിശേഷാൽ പൂജകൾ  നവഗം , പഞ്ചകവ്യം, ഉച്ചപൂജ എന്നിവ ഉണ്ടായി.ഉച്ചയ്ക്ക്  ഒന്നിന് ദേവസ്വം പൂരം കോട്ടൂർ മനയിൽ നിന്ന് പുറപ്പെട്ടു . പ്രത്യേക പൂജകൾക്കു ശേഷം പഞ്ചവാദ്യത്തിന്റെ  അകമ്പടിയോടെ ദേവസ്വം പൂരം ക്ഷേത്രത്തിലെത്തി . പാമ്പാടി സുന്ദരൻ ദേവിയുടെ തിടമ്പേറ്റി. പഞ്ചവാദ്യത്തിനു ശേഷം ക്ഷേത്രത്തിൽ വെളുതുരുത്തി പ്രഭാകരൻ നായരുടെ നേതൃത്വത്തിൽ പാണ്ടിമേളവും ഉണ്ടായി.മൂന്ന് ജില്ലകളിലെ തട്ടകങ്ങളിൽ പൂരം എഴുന്നെള്ളിപ്പുകളാരംഭിച്ചു.വൈകീട്ട്  അഞ്ചരയോടെ ഉൽസവ പ്രേമികൾക്കാവേശമായ ഇരുപത്തിമൂന്ന് ആന പൂരങ്ങൾ മൈതാനത്തേക്ക് നീങ്ങി. ആനപ്രേമികൾക്കാവേശമായി തലയെടുപ്പുള്ള 24  ഗജവീരന്മാർ നെറ്റിപ്പട്ടം ചാർത്തി ആവേശത്തിന്റെ മിഴിവേകി കാവിന് മുന്നിലെത്തി ദേവിയെ വണങ്ങി.ഗ്രാമനന്മകളാൽ നിറഞ്ഞാടിയ ഉൽസവം കാണുവാൻ കുഭ ചൂടിനെ വകവെക്കാതെ ജനസഹസ്രങ്ങൾ ക്ഷേത്ര മൈതാനത്തെ ജനസാഗരമാക്കി.തട്ടകം കാക്കുന്ന അമ്മയുടെ മുന്നിൽ ആനന്ദം നൃത്തം ചവിട്ടാൻ നാടൻ വേലകളായ തിറ , തെയ്യം , കരിങ്കാളി കൂട്ടങ്ങൾ , കാളവേല എന്നിവ ആയിരമഴകേകി തുള്ളി തുടിച്ചു. പരമ്പരാഗതമായ നാടൻവേലകൾ ക്ഷേത്രത്തെ വലയം ചെയ്തു.ഞായറാഴ്ച രാവിലെ മുതൽ തട്ടകത്തിലെ ബന്ധുക്കാരും നാട്ടുകാരും ഉൽസവത്തിൽ പങ്കെടുത്തു.രാത്രി ദീപാരാധനക്കുശേഷം നടന്ന ഫേൻസി വെടിക്കെട്ട് ഉൽസവ പ്രേമികളുടെ കണ്ണിനും കാതിനും നയന മനോഹര കാഴ്ചയായി.തായമ്പക , കേളി , കൊമ്പ് പറ്റ് , കുഴൽ പറ്റ്  എന്നിവ നടന്നു. താലത്തിന്റെ അകമ്പടിയോടെ രാത്രി  എഴുന്നെള്ളിപ്പ്  ,കോമരത്തിന്റെ അരിയേറും ഉണ്ടായി . പ്രാദേശീക പൂരങ്ങളും പുലർച്ച ക്ഷേത്രത്തിലെത്തി.

 ചടങ്ങുകൾക്ക് തരണനെല്ലൂർ പത്മാനാഭൻ നമ്പൂതിരി മുഖ്യ കാർമ്മികനായി.കൂത്ത് മാടത്തിൽ ശ്രീരാമപട്ടാഭിക്ഷേകത്തോടെ പതിനൊന്ന് ദിവസത്തെ കൂത്ത് സമാപിച്ചു തുടർന്ന് കൂത്ത് കൂറ വലിച്ചു.ആലത്തൂർ ഡിവൈഎസ്പി കെ എ ദേവസ്യ , ചാലിശേരി പേലീസ് എസ് എച്ച് ഒ കെ.സി വിനു എന്നിവരുടെ  നേതൃത്വത്തിൽ വൻ സുരക്ഷ  ഏർപ്പെടുത്തിയിരുന്നു.അമ്പല മൈതാനത്തെത്തിയ നിയമസഭ സ്പീക്കർ എം.ബി.രാജേഷ് എല്ലാവർക്കും പൂരാശംസകളും നേർന്നു.