29 March 2024 Friday

കൊവിഡിനെതിരായ പോരാട്ടം നിര്‍ണായക ഘട്ടത്തിലേക്ക്, സൗജന്യ ഭക്ഷ്യധാന്യ വിതരണം മൂന്ന് മാസത്തേക്ക് നീട്ടിയതായി മോദി

ckmnews

രാജ്യത്ത് കൊവിഡിനെതിരായ പോരാട്ടം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെതിരായ പോരാട്ടത്തില്‍ തുടക്കത്തില്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ ജനങ്ങളില്‍ കാണുന്നില്ല. പലയിടത്തും ജാഗ്രതയില്‍ വീഴ്ചകള്‍ കാണുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണില്‍ നിന്ന് അണ്‍ലോക്കിലേക്ക് നമ്മള്‍ നീങ്ങുകയാണ്. എന്നാല്‍ കൊവിഡിനെ നേരിടുന്നതില്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും അശ്രദ്ധ കൂടുന്നതായും അതിതീവ്ര മേഖലകളില്‍ ജനം കടുത്ത ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ മൂന്ന് മാസമായി 80 കോടി ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ഭക്ഷ്യധാന്യം വിതരണം ചെയ്യുകയാണ്. ഈ നടപടി ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. അമേരിക്കയുടെ ജനസംഖ്യയുടെ രണ്ട് ഇരട്ടി ജനങ്ങള്‍ക്ക് ഇതു ഗുണം ചെയ്തു. പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജന വഴിയാണ് ഭക്ഷ്യധാന്യം വിതരണം ചെയ്തത്. ഈ പദ്ധതി അടുത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയാണ്. പദ്ധതിക്കായി ആകെ ഒന്നര ലക്ഷം കോടി രൂപ ചിലവിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചുമ, പനി ഉള്‍പ്പെടെ പല രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ള സമയമാണിത്. ആളുകള്‍ ജാഗ്രത പാലിക്കണം. രാജ്യത്തെ കൊവിഡ് ഭീഷണി നിലനില്‍ക്കുന്നുവെങ്കിലും കൊവിഡ് മരണം കുറവാണ്. സമയബന്ധിതമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനായി. അതിതീവ്ര മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ഇവിടുത്തെ ആളുകള്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം 130 കോടി ജനങ്ങളുടെ ജീവന്റെ രക്ഷയുടെ കാര്യമാണിതെന്നും പ്രധാന മന്ത്രി വ്യക്തമാക്കി.

രക്ഷാബന്ധന്‍, കൃഷ്ണജന്മാഷ്ടമി, വിനായകചതുര്‍ത്ഥി, ഓണം, നവരാത്രി, ദസറ,ദീപാവലി ഒരുപാട് ആഘോഷങ്ങള്‍ വരുന്നുണ്ട്. സാമൂഹിക അകലം പാലിച്ചു കൊണ്ട് വേണം നാം എല്ലാ ആഘോഷിക്കാനും ആചരിക്കാനുമെന്ന് പ്രധാന മന്ത്രി പറഞ്ഞു. ഘട്ടത്തിലും രാജ്യം പിടിച്ചു നിന്നത് നികുതിദായകരുടേയും കര്‍ഷകരുടേയും പിന്തുണ കൊണ്ടാണ് ഈ പിന്തുണയ്ക്ക് കര്‍ഷകര്‍ക്കും നികുതിദായകര്‍ക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി പറയുന്നതായും പ്രധാന മന്ത്രി.