19 April 2024 Friday

തൃശൂർ തൊഴിയൂരിൽ അമ്മയുമായി പിണങ്ങി, വയറാകെ കീറിമുറിച്ചു പിന്നാലെ വ്യാജപരാതിയുമായി യുവാവ്; നുണ പൊളിച്ച് പൊലീസ്

ckmnews

തൃശൂർ തൊഴിയൂരിൽ ഒരു സംഘം ആളുകൾ കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന യുവാവിന്‍റെ പരാതി വ്യാജമെന്ന് പൊലീസ്അമ്മയുമായി പിണങ്ങിയയുവാവ് ആത്മഹത്യക്ക്  ശ്രമിച്ചതാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങും വഴി 2 ബൈക്കുകളിലായി പിന്‍തുടര്‍ന്ന സംഘം തടഞ്ഞു നിര്‍ത്തി കത്തി കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചെന്നായിരുന്നു വടക്കേക്കാട് സ്വദേശി മുഹമ്മദ് ആദിലിന്‍റെ പരാതി.

പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. മൊബൈൽ ഫോൺ വിവരങ്ങളും ശേഖരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ മൊഴിയിൽ വൈരുദ്ധ്യമുള്ളതായി പൊലീസ് കണ്ടെത്തി. യുവാവിനെ ചോദ്യം ചെയ്തപ്പോൾ സത്യാവസ്ഥ പുറത്തു വന്നത്. അമ്മ വഴക്ക് പറഞ്ഞതിലുള്ള മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. സംഭവ ദിവസം ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി കുന്നംകുളത്തെ സ്റ്റേഷനറി കടയില്‍ നിന്നു ബ്ലേഡ് വാങ്ങി. ആളൊഴിഞ്ഞ സ്ഥലത്തെത്തി ബൈക്കിലിരുന്നാണ് ബ്ലേഡ് ഉപയോഗിച്ച് വയറില്‍ വരഞ്ഞത്.

പിന്നീട് ബൈക്ക് ഓടിക്കുന്നതിനിടെ തലകറക്കം തോന്നിയപ്പോൾ കൂട്ടുകാരെ സഹായത്തിനായി വിളിച്ചു. അജ്ഞാതർ കുത്തി പരിക്കേൽപ്പിച്ചെന്നായിരുന്നു അവരോട് പറഞ്ഞത്. ഇതാണ് പിന്നീട് പൊലീസിൽ പരാതിയായെത്തിയത്. രക്തം പറ്റിയ ബ്ലേഡ് സംഭവ സ്ഥലത്തു നിന്നു കണ്ടെത്തി. ഇത് വാങ്ങിയ കട തിരിച്ചറിഞ്ഞിട്ടുണ്ട്. യുവാവ് മുമ്പും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും വ്യക്തമായി. യുവാവിനു കൗണ്‍സിലിങ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.