20 April 2024 Saturday

പൊന്നാനി താലൂക്കിൽ കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം- ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി

ckmnews



ചങ്ങരംകുളം:എടപ്പാള്‍,വട്ടംകുളം പഞ്ചായത്തുകളിലായി കൂടുതൽ പേർക്ക്  കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സമൂഹ വ്യാപനത്തിന് സാധ്യതയുള്ളതിനാൽ  പൊന്നാനി താലൂക്ക് പരിധിയിലെ നഗരസഭയിലും പഞ്ചായത്തുകളിലും പരിശോധന ടെസ്റ്റുകളുടെ എണ്ണം വ്യാപകമാക്കണമെന്ന്  ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ചു  മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അദ്ദേഹം കത്ത് അയച്ചു. എടപ്പാളിലെ പ്രമുഖ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും  ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കെ.എസ്.ആര്‍.ടി.സി ജീവനക്കാരനുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.  ഇവര്‍ക്കെല്ലാം തന്നെ സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായിട്ടുള്ളതെന്നതും  ഉറവിടം കണ്ടെത്താനാകാത്തതും ജനങ്ങളില്‍ കൂടുതല്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ടെസ്റ്റ് റിസൾട്ടുകള്‍ യഥാസമയം പുറത്ത് വിടാത്തതാണ് രോഗ വ്യാപനത്തിന്  കാരണമെന്ന് വ്യാപക പരാതിയുണ്ട്.  ഭിക്ഷാടകന് കോവിഡ് ബാധിച്ച ഉറവിടം കണ്ടെത്താന്‍ സാധിക്കാതെ വന്ന അവസരത്തില്‍ വ്യാപക പരിശോധന നടത്തി  പെട്ടെന്ന് റിസൾട്ട് നൽകാനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഭീതി ഒഴിവാക്കാമായിരുന്നുവെന്നും എം.പി. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍  പരിശോധിക്കണമെന്നും  എം.പി,   ആവശ്യപ്പെട്ടു.


 ഇതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി.  ശ്രീരാമകൃഷ്ണന്‍, മന്ത്രി കെ.ടി.ജലീല്‍, ജില്ലാ കളക്ടര്‍,  ഡി.എം.ഒ. എന്നിവരുമായും എം.പി ഫോണില്‍ ചര്‍ച്ച നടത്തി. ലോക്ക് ഡൗണ്‍ ഇളവ് വന്നതിനു ശേഷം   കോവിഡിന്റെ ഭീകരമായ വളര്‍ച്ച കണക്കിലെടുത്തു ജനങ്ങള്‍ക്കു  കൂടുതല്‍ ശ്രദ്ധ ഉണ്ടാവണമെന്നും ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ അഭാവം   തിരിച്ചറിഞ്ഞു   വൈകിയാണെങ്കിലും സർക്കാർ പരിഹാര നടപടികളെടുക്കണമെന്നും എം.പി ആവശ്യപ്പെട്ടു.