25 April 2024 Thursday

ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലെ നവീകരിച്ച നടപ്പാത യാത്രക്കാർ കയ്യൊഴിഞ്ഞതോടെ മാനിന്യം കൊണ്ട് നിറയുന്നു

ckmnews

ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലെ നവീകരിച്ച  നടപ്പാത യാത്രക്കാർ കയ്യൊഴിഞ്ഞതോടെ മാനിന്യം കൊണ്ട് നിറയുന്നു


ചങ്ങരംകുളം:ഹൈവേ ജംഗ്ഷനിലെ നവീകരിച്ച  നടപ്പാത യാത്രക്കാർ കയ്യൊഴിഞ്ഞതോടെ മാനിന്യം കൊണ്ട് നിറയുന്നു.ആലംകോട് വില്ലേജ് ഓഫീസിന് താൽകാലിക സ്ഥലം മാറ്റം ലഭിച്ചതോടെയാണ് ജംഗ്ഷനിലെ തിരക്കേറിയ നടപ്പാത മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞത്.വില്ലേജ് പരിസരത്തെ മരങ്ങളിൽ നീർകാക്കകൾ കൂടു കൂട്ടുകയും ഇവയുടെ കാഷ്ടം വഴിയാത്രക്കാരെ ദുരിതത്തിലാക്കുകയും ചെയ്തതോടെയാണ് വഴിയാത്രികർ ഇത് വഴിയുള്ള യാത്ര ഉപേക്ഷിച്ചു തുടങ്ങിയത്


വിവിധ ആവശ്യങ്ങൾക്കായി വില്ലേജിലെ ത്തുന്നവർ കുട ചൂടേണ്ട സ്ഥിതിയിലാവുകയും ജീവനക്കാർക്ക് പോലും ഓഫീസിലെത്താൻ പ്രയാസം നേരിടുകയും ചെയ്തതോടെ വില്ലേജ് ഓഫീസ് പഞ്ചായത്ത് കെട്ടിടത്തിലേക്ക് താൽകാലികമായി പ്രവർത്തനം മാറ്റുകയായിരുന്നു.പലരും പാത്തും  പതുങ്ങിയും മതിൽ ചാടിക്കടന്നും പക്ഷികളിരിക്കാത്ത സ്ഥലം നോക്കിയുമാണ് വില്ലേജ് ഓഫീസിൽ എത്തിയിരുന്നത്.വില്ലേജിന്റെ പ്രവർത്തനം മാറ്റിയതോടെ ലക്ഷങ്ങൾ ചിലവിട്ട് നവീകരിച്ച നടപ്പാത വഴിയാത്രക്കാർ പൂർണ്ണമായും ഉപേക്ഷിക്കുകയായിരുന്നു

വില്ലേജ് ഓഫീസിന്റെ പ്രവർത്തനം മാറ്റുകയും യാത്രക്കാർ പൂർണ്ണമായും നടപ്പാത കയ്യൊഴിയുകയും ചെയ്തതോടെയാണ് ഇവിടെ മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയിരിക്കുന്നത്


ദേശാടനപക്ഷികളിൽ പെട്ട നീർ കാക്കകളാണ് ഇവിടെ മരച്ചില്ലകളിൽ കൂട് കൂട്ടിയിരിക്കുന്നത്.മൂന്ന് വർഷം മുമ്പ് ഇവയുടെ വിസർജ്ജ്യം യാത്രക്കാരെ വലക്കുന്നതായി പരാതികൾ ഉയർന്നതോടെ വില്ലേജ് അധികൃതർ തന്നെ ഇടപെട്ട് മരച്ചില്ലകൾ മുറിച്ച് മാറ്റുകയും മരത്തിൽ കൂട് കൂട്ടിയ പക്ഷിക്കുഞ്ഞുങ്ങൾ ചത്ത് വീഴുകയും ചെയ്തത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.സംഭവത്തിൽ വനം വകുപ്പും മൃഗസംരക്ഷണ വകുപ്പും കേസെടുക്കുകയും വില്ലേജ് ഓഫീസർ അടക്കമുള്ളവർ നിയമനടപടികൾക്ക് ഇരയാവേണ്ടി വരികയും ചെയ്തു.പിന്നീട് മരച്ചില്ലകൾ വളരുകയും ഒഴിഞ്ഞു പോയ പക്ഷികൾ തിരിച്ചെത്തി ഇതെ മരച്ചില്ലകളിൽ തന്നെ കൂടൊരുക്കുകയും പക്ഷികളുടെ കാഷ്ടം വീണ് വഴിയാത്രക്കാർക്ക് ഭീഷണിയാവുകയും ചെയ്യുകയായിരുന്നു.വളരെ ദുർഗന്ധം പരത്തുന്ന ഇവയുടെ കാഷ്ടം കണ്ണിലേക്ക് തെറിച്ചാൽ കണ്ണിൽ അസഹ്യമായ നീറ്റൽ ഉണ്ടാവുമെന്ന് അനുഭവസ്ഥർ പറയുന്നു


മരച്ചില്ലകൾ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നതിനാൽ റോഡിലൂടെ പോകുന്ന വഴിയാത്രക്കാരും പക്ഷികളുടെ ഇരിപ്പിടം നോക്കി യാത്ര ചെയ്യേണ്ട അവസ്ഥയാണ്.ഇത് മറ്റ് വാഹാനാപകടങ്ങൾക്കും വഴിയൊരുക്കുന്നുണ്ട്.വില്ലേജ് ഓഫീസിന് താൽകാലിക മാറ്റം ആയെങ്കിലും ജനങ്ങൾ കയ്യൊഴിഞ്ഞ് സ്മശാനം പോലെ കിടക്കുന്ന ജംഗ്ഷനിലെ വില്ലേജ് കെട്ടിടവും നടപ്പാതയും ശുചീകരിച്ച് പൊതുജനങ്ങൾ ഉപകരിക്കുന്ന രീതിയിലേക്ക് മാറ്റണമെന്ന ആവശ്യവും ശക്തമാണ്