25 April 2024 Thursday

പട്ടാപ്പകൽ പോലും കടുവാശല്യം; കൃഷി ഉപേക്ഷിച്ച് ഒരു നാട്

ckmnews

പട്ടാപ്പകല്‍ പോലും ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്ന സ്വകാര്യ തോട്ടങ്ങളില്‍ കടുവയുടെ സാന്നിധ്യം പതിവായതോടെ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് മലപ്പുറം കരുവാരക്കുണ്ടിലെ കര്‍ഷകര്‍. തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും ആശങ്കയിലാണ്. പല ഇതര സംസ്ഥാന തൊഴിലാളികളും തൊഴില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി.കരുവാരകുണ്ട് ചേരിയിലെ റബര്‍ തോട്ടത്തില്‍ വച്ച് മാത്യു ജോര്‍ജ് രണ്ടു കടുവകളെ കണ്ടത് 5 മീറ്റര്‍ അകലെ വച്ചാണ്. കടുവ പിന്തുടര്‍ന്നെങ്കിലും മാത്യു ജോര്‍ജിന് ഭാഗ്യംകൊണ്ടാണ് ഒാടി രക്ഷപ്പെടാനായത്. കടുവ തനിക്കു നേരെ കുതിച്ചു ചാടാന്‍ ഒരുങ്ങിയെന്നാണ് ജാര്‍ഗണ്ഡില്‍ നിന്നുളള തൊഴിലാളി ജഗ്ഗുവിന്‍റെ സാക്ഷ്യം.കഴിഞ്ഞ മാസം കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങിയിരുന്നു. സാന്നിധ്യമുളള പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന മറ്റു തൊഴിലാളികളും സ്ഥല ഉടമകളെ ആശങ്ക അറിയിക്കുന്നുണ്ട്.പുലര്‍ച്ചെ ടാപ്പിങ് പൂര്‍ത്തിയാക്കിയാലെ റബര്‍ മരങ്ങളില്‍ നിന്ന് മികച്ച വരുമാനം ലഭിക്കൂ. കടുവാഭീതിയിലായതോടെ നേരം പുലര്‍ന്ന ശേഷമാണ് മലയോരങ്ങളില്‍ ടാപ്പിങ് ആരംഭിക്കുന്നത്.