29 March 2024 Friday

കൊടുംകാറ്റിൽ നിലംപൊത്തി 'ഐസക് ന്യൂട്ടന്റെ ആപ്പിൾ മരം'

ckmnews

ഐസക് ന്യൂട്ടനെ ഗുരുത്വാകർഷണ സിദ്ധാന്തം കണ്ടുപിടിക്കാൻ പ്രേരിപ്പിച്ച ആപ്പിൾ വൃക്ഷത്തിൽ നിന്നും ക്ലോൺ ചെയ്‍തെടുത്ത വൃക്ഷം യൂണിഷ് കൊടുങ്കാറ്റിൽ നിലംപൊത്തി. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ബൊട്ടാണിക് ഗാർഡനിലായിരുന്നു മരമുണ്ടായിരുന്നത്. ഈ മരം 1954 -ലാണ് ബൊട്ടാണിക്കൽ ഗാർഡനിൽ നട്ടുപിടിപ്പിച്ചത്. തുടർന്ന് കഴിഞ്ഞ 68 വർഷമായി ബൊട്ടാണിക് ഗാർഡന്റെ ബ്രൂക്ക്സൈഡ് പ്രവേശന കവാടത്തിൽ ഇത് കാലത്തെ അതിജീവിച്ച് നിലനിന്നു. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച ശക്തമായ കൊടുംകാറ്റിൽ അത് വീഴുകയായിരുന്നു.  ഗുരുത്വാകർഷണ നിയമങ്ങൾ കണ്ടെത്താൻ ന്യൂട്ടനെ പ്രേരിപ്പിച്ച ആപ്പിൾ മരത്തിൽ നിന്നാണ് ഈ വൃക്ഷം ക്ലോൺ ചെയ്തതെന്ന് ഗാർഡൻ ക്യൂറേറ്റർ ഡോ. സാമുവൽ ബ്രോക്കിംഗ്ടൺ പറഞ്ഞു. ഹണി ഫംഗസ് ബാധ മൂലമാണ് മരം നശിച്ചതെന്നാണ് അധികൃതർ പറയുന്നത്. മരത്തിന്റെ ഒരു ക്ലോൺ ഉടൻ തന്നെ പൂന്തോട്ടത്തിൽ മറ്റൊരിടത്ത് നട്ടുപിടിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇതുൾപ്പെടെ മൂന്നു മരങ്ങളാണ് ഐസക് ന്യൂട്ടന്റെ ആപ്പിൾ മരത്തിൽ നിന്ന് ക്ലോൺ ചെയ്തു വളർത്തിയെടുത്തത്. വെള്ളിയാഴ്‌ചത്തെ കൊടുങ്കാറ്റിൽ ഈ മരം വീണത്‌ ദു:ഖകരമായ ഒരു നഷ്‌ടമായിരുന്നെങ്കിലും, ഹണി ഫംഗസ് ബാധിക്കാൻ തുടങ്ങിയപ്പോൾ തന്നെ മരത്തിന്റെ നിലനിൽപ്പ് പ്രശ്നമാണെന്ന് തങ്ങൾക്ക് അറിയാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. തൽഫലമായി, അവർ അപ്പോൾ തന്നെ മരത്തിൽ നിന്ന് മറ്റൊരു തൈ വളർത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. "ഈ ഗ്രാഫ്റ്റിംഗിലൂടെ ന്യൂട്ടൺസ് ആപ്പിൾ ട്രീ ഞങ്ങളുടെ ശേഖരങ്ങളിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു" അദ്ദേഹം പറഞ്ഞു.