20 April 2024 Saturday

പ്രവാസിയെ വെള്ളം പോലും നല്‍കാതെ പുറത്താക്കിയെന്ന വാര്‍ത്ത തെറ്റ് ധരിപ്പിക്കുന്നതെന്ന് എടപ്പാള്‍ പഞ്ചായത്ത് പ്രസിഡണ്ട്

ckmnews



എടപ്പാൾ:എടപ്പാള്‍ പഞ്ചായത്തില്‍ ഗള്‍ഫില്‍ നിന്നെത്തിയ പ്രവാസിയെ സഹോദരങ്ങള്‍ വീട്ടില്‍ കയറ്റാന്‍ അനുവദിക്കാതെ വെള്ളം പോലും കൊടുക്കാതെ പുറത്ത് നിര്‍ത്തിയെന്ന വാര്‍ത്ത തെറ്റ് ധാരണ പരത്തുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ബിജോയ് പറഞ്ഞു.ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ പറയുന്നതുപോലെയല്ല സംഭവമെന്നും വീട്ടുകാര്‍ക്കിടയില്‍ നേരത്തെ നിലനിന്നിരുന്ന തര്‍ക്കങ്ങളാണ് ഇത്തരമൊരു വാര്‍ത്തയ്ക്ക് കാരണമായതെന്നുമാണ് പ്രസിഡണ്ടിന്റെ വിശദീകരണം.പ്രവാസി വരുന്ന കാര്യം കുടുംബത്തെ നേരത്തെ അറിയിച്ചിരുന്നുവെന്ന് പറയുന്നതില്‍ തെറ്റുണ്ടെന്നും പഞ്ചായത്തിനു പോലും ഇയാള്‍ വരുന്നതിനെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ലെന്നുമാണ് ബിജോയ് പറയുന്നത്.പാലക്കാട് കുമാരപുരം പ്രദേശത്താണ് ഇദ്ദേഹത്തിന്റെ ഭാര്യവീട്. കുറച്ചു കാലങ്ങളായി ഇദ്ദേഹം അവിടെയാണ് താമസം. തറവാട് ഭാഗം വയ്ക്കലുമായി സംബന്ധിച്ച് ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ തര്‍ക്കം നിലനിന്നിരുന്നു.ഭൂസ്വത്തിന്റെ വിഷയത്തിലുണ്ടായ അഭിപ്രായവ്യത്യാസമാണ് കാരണമെന്നു പറയുന്നു. ഇപ്പോള്‍ തറവാട് വീട് നിന്നിരുന്നിടത്ത് ഒരു മുറിയും അതിനോട് ചേര്‍ന്ന് ഒരു ബാത്ത് റൂമും മാത്രമാണുള്ളത്.ഇവിടെ ഇദ്ദേഹത്തിന്റെ അനിയനാണ് താമസിക്കുന്നത്.ഇയാള്‍ അവിവാഹിതനായതുകൊണ്ട് ഒറ്റയ്ക്കാണ് താമസം. പ്രവാസി നാട്ടിലേക്ക് മടങ്ങുന്ന കാര്യമോ ഇങ്ങോട്ട് വരുന്ന കാര്യമോ അനിയനോ മറ്റു ബന്ധുക്കള്‍ക്കോ അറിയില്ലായിരുന്നു.ഭാര്യ വീടിരിക്കുന്ന പഞ്ചായത്തിലാണ് ഇയാള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതും,എടപ്പാള്‍ പഞ്ചായത്തിലല്ല.പക്ഷേ, ഇയാള്‍ നേരെ വരുന്നത് എടപ്പാള്‍ പഞ്ചായത്തിലുള്ള തറവാട്ട് വീട്ടിലേക്കാണ്.പ്രത്യേക സാഹചര്യത്തില്‍ അറിയിക്കാതെ വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.സാധാരണ വരുമ്പോള്‍ ഭാര്യ വീട്ടിലേക്ക് പോകുന്നയാള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇങ്ങോട്ട് വന്നതാണ് സഹോദരനെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് തര്‍ക്കങ്ങളുണ്ടായത്.വിവരം അറിഞ്ഞയുടനെ വാര്‍ഡ് മെംബര്‍ സംഭവസ്ഥലത്തെത്തുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.ശേഷം ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രവാസിയെ ഉടന്‍ തന്നെ പഞ്ചായത്തിലുള്ള ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയുമാണ് ഉണ്ടായത്. പ്രവാസി ചോദിച്ചിട്ടും വെള്ളമോ ഭക്ഷണമോ നല്‍കിയില്ലെന്ന് പറഞ്ഞതും തെറ്റാണ്.അത്തരം പ്രശ്‌നങ്ങളൊന്നും തന്നെ അദ്ദേഹത്തിനുണ്ടായിട്ടില്ലെന്നും എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് പി പി വ്യക്തമാക്കി.