24 April 2024 Wednesday

സ്വപ്ന സുരേഷ് പുതിയ ജോലിയില്‍ ചുമതലയേറ്റു

ckmnews

എന്‍ജിഒ സംഘടനയായ ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റില്‍(എച്ച്ആര്‍ഡിഎസ്) കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ചുമതലയേറ്റു. ഇന്ന് രാവിലെ 10ന് തൊടുപുഴയിലെ പ്രൊജക്ട് ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. 43000 രൂപയാണ് സ്വപ്‌നയുടെ ശബളം.എച്ച്ആര്‍ഡിഎസ് സ്വപ്നക്ക് നല്‍കിയ ഓഫര്‍ സ്വീകരിക്കുകയായിരുന്നു. കോടതിയിലുള്ള കേസും പുതിയ ജോലിയുമായി കൂട്ടിക്കുഴയ്ക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ചോദ്യങ്ങളോട് സ്വപ്ന പ്രതികരിച്ചു. ”പുതിയ ജോലി എന്റെ അന്നമാണ്. വിവാദങ്ങള്‍ അതിന്റെ വഴിക്ക് പോകട്ടെ” സ്വപ്ന മറുപടി പറഞ്ഞു.

എച്ച്ആര്‍ഡിഎസിന്റെ സ്ത്രീശാക്തീകരണവിഭാഗത്തിന്റെ ചുമതലയും സ്വപ്നക്കുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നായിരുന്നു സ്വപ്ന പറഞ്ഞത്.എച്ച്ആര്‍ഡിഎസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് പാലക്കാടാണ്. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള കോര്‍പറേറ്റ് ഓഫീസിലായിരിക്കും ഇവരുടെ പ്രവര്‍ത്തനമെന്ന് പ്രൊജക്ട് ഡയറക്ടറും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്ന ബിജു കൃഷ്ണന്‍ പറഞ്ഞു.


ബിജു കൃഷ്ണനെ കൂടാതെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനും സൊസൈറ്റി വൈസ് പ്രസിഡന്റുമായ കെ.ജി.വേണുഗോപാല്‍, ചീഫ് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ജോയി മാത്യു, എച്ച്ആര്‍ ഡയറക്ടര്‍ ഓഫി ജാനിയ, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഷൈജു ശിവരാമന്‍ എന്നിവരും പങ്കെടുത്തു.