28 March 2024 Thursday

പെരുമ്പിലാവ് തിപ്പിലശ്ശേരി കല്‍പ്പാത്തിക്കുന്നില്‍ ഗ്രാനൈറ്റ്‌സ് ക്വാറിയുടെ പ്രവർത്തനം തടഞ്ഞു

ckmnews


ചങ്ങരംകുളം:കടവല്ലൂര്‍ പഞ്ചായത്തിലെ തിപ്പലിശ്ശേരി കല്‍പ്പാത്തിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാനൈറ്റ്‌സ് കമ്പനിയുടെ പ്രവർത്തനം അധികൃതർ തടഞ്ഞു.പുറമ്പോക്കില്‍ പെടുന്ന സര്‍വേ നമ്പറുകളില്‍ നിന്നും പാറ ഖനനമോ അനുബന്ധ പ്രവര്‍ത്തനങ്ങളോ നടത്തുന്നത് തടഞ്ഞാണു റവന്യൂ അധികൃതര്‍ ഉത്തരവ് ഇറക്കിയത്. ഇതേ തുടര്‍ന്ന് ക്വാറി പ്രവര്‍ത്തനം നിര്‍ത്തി. 1.10 ഏക്കര്‍ പുറമ്പോക്ക് ഭൂമി കയ്യേറിയാണു ക്വാറി പ്രവര്‍ത്തിക്കുന്നത് എന്നു കരിക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫിസര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.തുടര്‍ന്ന് കേരള ഭൂസംരക്ഷണ നിയമ പ്രകാരം ക്വാറിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. റിപ്പോര്‍ട്ട് പുറത്തു വന്ന് അധികം താമസിയാതെ ഓഫിസറെ സ്ഥലം മാറ്റിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. പിന്നീട് നാട്ടുകാര്‍ നടത്തിയ സമരങ്ങളെ തുടര്‍ന്ന് ആധുനിക ഉപകരങ്ങള്‍ ഉപയോഗിച്ച് താലൂക്ക് സര്‍വേയര്‍ സര്‍വേ നടത്തുകയും വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ട് ശരിവയ്ക്കുന്ന പുതിയ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. പുറമ്പോക്ക് കയ്യേറി ഖനനം നടത്തുന്നതിനു പുറമേ ഹരിത ട്രിബ്യൂണലിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പാറ ഖനനം നടത്തുന്നതിന്റെ 200 മീറ്റര്‍ പരിധിയില്‍ ഒട്ടേറെ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. വ്യാജ രേഖകള്‍ ചമച്ചാണ് ക്വാറിക്കു ലൈസന്‍സ് നേടിയതെന്നും അനുമതി റദ്ദാക്കണം എന്നും ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.