29 March 2024 Friday

എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഇരുപതിനായിരത്തിലധികം പേര്‍

ckmnews


എടപ്പാള്‍:  എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടു ഡോക്ടര്‍മാരുടെയും കൂടി സമ്പര്‍ക്കപ്പട്ടികയിലുള്ളത് 20,000-ത്തിലധികം പേര്‍. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ കൈമാറിയ പട്ടികയിലെ മാത്രം കണക്കാണിത്.

ശിശുരോഗ വിദഗ്ധന്റെ പട്ടികയില്‍ ഒ.പി.യില്‍ എത്തിയ രോഗികളും ബന്ധുക്കളുമടക്കം 10,000 പേരും ഐ.പി.യിലുള്ളത് 160 പേരുമാണ്. രണ്ടാമത്തെ ഡോക്ടറായ ഫിസിഷ്യന്‍ ഒ.പിയിലും ഐ.പിയിലുമായി ബന്ധപ്പെട്ടത് 5,500 പേരുമായാണ്.

ഇവര്‍ക്കൊപ്പമുള്ള ബന്ധുക്കളുടെ കണക്ക് വേറെയാണ്. ജൂണ്‍ അഞ്ചിനുശേഷം ഇവരെ കണ്ടവരുടെ പട്ടികയാണിത്. ഇതില്‍ കുട്ടികളുടെ ഡോക്ടറുടെ പട്ടികയില്‍ നവജാതശിശുക്കള്‍ വരെയുണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

പട്ടിക പരിശോധിച്ച് എല്ലാവരെയും ബന്ധപ്പെട്ട് വീടുകളില്‍ ക്വാറന്റീനില്‍ കഴിയാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. നിരന്തര നിരീക്ഷണത്തിലൂടെ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സ നല്‍കാനും ഇവരില്‍ 1000 പേരെ രണ്ടുദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചു.



5 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താൻ ജില്ലയിൽ വ്യാപക പരിശോധന. എടപ്പാളിലെ 2 സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയ ആയിരക്കണക്കിനു പേർ രോഗബാധിതരുമായി  സമ്പർക്കത്തിലേർപ്പെട്ടിരുന്നെന്നാണു വിവരം. രോഗബാധ മുൻകൂട്ടി കണ്ടെത്തുന്നതിനായി വിവിധ മേഖലകളിലുള്ള 1,500 പേരുടെ സ്രവ പരിശോധന നടത്തും.


ആശുപത്രികളിൽ ഒപിയിൽ എത്തിയവർ അടക്കം സമ്പർക്കപ്പട്ടികയിലുള്ളവർ രോഗ ലക്ഷണങ്ങളില്ലെങ്കിലും 28 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണമെന്നു നിർദേശമുണ്ട്.  കോവിഡ് ബാധിതരുമായി 14 ദിവസത്തിനിടെ പ്രൈമറി, സെക്കൻഡറി കോൺടാക്ട് ഉണ്ടായിരുന്ന 500 പേരുടെയും ആശാ പ്രവർത്തകർ, കോവിഡ് വൊളന്റിയർമാർ, പൊലീസ്, കച്ചവടക്കാർ, ജനപ്രതിനിധികൾ എന്നിവരുൾപ്പെടുന്ന 500 പേരുടെയും സ്രവ പരിശോധന നടത്തും.


ഇതിനു പുറമേ പ്രദേശത്തു 60 വയസ്സിനു മുകളിൽ പ്രായമുള്ള 250 പേരെയും സർക്കാർ-സ്വകാര്യ ആശുപത്രികളിലെ 250 ആരോഗ്യ പ്രവർത്തകരെയും സ്രവ പരിശോധനയ്ക്കു വിധേയരാക്കും.  തലസ്ഥാനത്തു നിന്നുള്ള ആരോഗ്യ സംഘം സ്ഥിതിഗതികൾ വിലയിരുത്തുന്നതിനു എടപ്പാളിലെത്തി. തുടർ പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകും. 


ചികിത്സയിൽ കഴിയുന്നവരുമായി നേരിട്ടു സമ്പർക്കമുള്ളവരെല്ലാം സ്രവ പരിശോധനയ്ക്കു ഹാജരാകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളവർ നിർബന്ധമായും ചികിത്സ തേടണം. 


കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം


കണ്ടെയ്ൻമെന്റ് സോണുകളിൽ അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു രാവിലെ 7 മുതൽ മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും പെട്രോൾ പമ്പുകൾക്ക് രാവിലെ 7 മുതൽ രാത്രി 10 വരെയും മാത്രമേ പ്രവർത്തനാനുമതിയുള്ളൂ. ഹോട്ടലുകളിൽ രാവിലെ 7 മുതൽ രാത്രി 8 വരെ പാർസൽ സർവീസ് അനുവദിക്കും. അവശ്യ സേവനങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള സർക്കാർ സ്ഥാപനങ്ങൾ മാത്രമേ കണ്ടെയ്ൻമെന്റ് സോണിൽ തുറന്നു പ്രവർത്തിക്കാവൂ.


ഈ സ്ഥാപനങ്ങളിൽ അത്യാവശ്യത്തിനുള്ള ജീവനക്കാർ മാത്രം ജോലിക്കു ഹാജരായാൽ മതി.  പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിച്ചു മാത്രമേ പുറത്തിറങ്ങാവൂ. അവശ്യ സാധനങ്ങളുമായി ഗുഡ്‌സ് വാഹനങ്ങൾ ഓടുന്നതിനു തടസ്സമില്ല. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളിൽ അകലം ഉൾപ്പെടെയുള്ള കോവിഡ് മാർഗ നിർദേശങ്ങളും നിയന്ത്രണങ്ങളും നിർബന്ധമായും പാലിക്കണം. 


കണ്ടെയ്ൻമെന്റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ 60 വയസ്സിനു മുകളിലുള്ളവരും ഗർഭിണികളും 10 വയസ്സിനു താഴെയുള്ള കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങരുത്.എടപ്പാൾ ടൗണിൽ തൃശൂർ–കോഴിക്കോട് സംസ്ഥാന പാതയിലൂടെയുള്ള വാഹനങ്ങൾക്കു കടന്നുപോകാം. ഗ്രാമീണ മേഖലകളിലൂടെയുള്ള സർവീസുകൾ നിയന്ത്രിക്കും. ഗ്രാമീണ മേഖലകളിലെ റോഡുകളെല്ലാം ഇന്നലെ ചങ്ങരംകുളം പൊലീസ്  പൂർണമായും അടച്ചിട്ടു.


കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ


കൂടുതൽ പേർക്കു സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതോടെ പൊന്നാനി താലൂക്കിലെ വട്ടംകുളം, എടപ്പാൾ, ആലങ്കോട്, മാറഞ്ചേരി  പഞ്ചായത്തുകൾ പൂർണമായും കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി. ഇതിനു പുറമേ പുൽപറ്റ പഞ്ചായത്തിലെ ഏഴാം വാർഡും പൊന്നാനി നഗരസഭയിലെ 01,02,03,50,51 വാർഡുകൾ ഒഴികെയുള്ള 47 മറ്റെല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടിട്ടുണ്ട്. 


സ്വയം നിയന്ത്രണം


നിലവിൽ സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ എല്ലാവരും സ്വയം നിയന്ത്രിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. അടുത്ത വീടുകളിലെ സന്ദർശനം ഒഴിവാക്കണം. അയൽവീടുകളിലെ കുട്ടികളുമായും 60 വയസ്സിനു മുകളിലുള്ളവരുമായും അടുത്ത് ഇടപഴകരുത്.