20 April 2024 Saturday

ബാബുവിനെതിരെ കേസില്ലെങ്കിൽ പുലിവാല്; അപകടം മണത്തു, നിലപാട് മാറ്റി ശശീന്ദ്രൻ

ckmnews

ബാബുവിനെതിരെ കേസില്ലെങ്കിൽ പുലിവാല്; അപകടം മണത്തു, നിലപാട് മാറ്റി ശശീന്ദ്രൻ


റിസർവ് വനത്തിനുള്ളിൽ അതിക്രമിച്ചു കയറിയതിനു പാലക്കാട് മലമ്പുഴ സ്വദേശി ആർ.ബാബുവിനും കൂട്ടർക്കുമെതിരെ കേരള വന‍നിയമ പ്രകാരം കേസെടുക്കേ‍ണ്ടെന്നു ആദ്യം പറഞ്ഞ മന്ത്രി എ.കെ.ശശീന്ദ്രൻ നിലപാടു മാറ്റിയത് അപകടം മണ‍ത്തതിനെ തുടർന്ന്. കേസെടുക്കരുതെന്നു നിർദേശിച്ച മന്ത്രി, ഭാവിയിൽ കോടതി കയറുമെന്നു വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉപദേശിച്ചതോടെയാണ് മലക്കം മറിഞ്ഞത്.


മന്ത്രിക്കെതിരെ വനം വകുപ്പിലെ പ്രമുഖ സംഘടന പരസ്യമായി രംഗത്തു വന്നതും നിലപാടു മാറ്റാൻ പ്രേരിപ്പിച്ചു. വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് വനം വകുപ്പ് ഇന്റലിജൻസും മന്ത്രിക്ക് റിപ്പോ‍ർട്ടു നൽകിയിരുന്നു. വനത്തിനുള്ളിൽ അതിക്രമിച്ചു കയറി മലമ്പുഴ കു‍മ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെതിരെ കേസെടുക്കണം എന്നായിരുന്നു പാലക്കാട്ടെ വനം വകുപ്പ് അധികൃത‍ർക്കെങ്കിലും, ഇതിനെ നിരുത്സാഹപ്പെടുത്തുന്ന സമീപനമായിരുന്നു വനം വകുപ്പ് ആസ്ഥാനത്തെ ചില ഉദ്യോഗസ്ഥർ‍ക്കുണ്ടായിരുന്നത്.

ബാബുവിനെതിരെ കേസെടുക്കണമെന്നും കേസെടു‍ക്കേണ്ടെന്നും അഭിപ്രായങ്ങൾ വകുപ്പിനുള്ളിൽ ഉയർന്നു. ബാബുവിന്റെ മൊഴിയെടുത്ത ശേഷം നിയമനടപടികൾ ഉപേക്ഷിക്കുന്നതാണ് ഉചിതമെന്നും അഭിപ്രായമുണ്ടായി. ബാബുവിനെതിരെ കേസെടു‍ക്കാതിരുന്നാൽ ഭാവിയിൽ നിയമ പ്രശ്നങ്ങളുണ്ടാകുമെന്നു ചില ഉദ്യോഗസ്ഥർ ‍ചൂണ്ടിക്കാട്ടി‍യെങ്കിലും ചില ഉന്നത ഉദ്യോഗസ്ഥർ നിരുത്സാഹപ്പെ‍ടുത്തുകയായിരുന്നുവത്രെ.

തുടർന്ന് വനം പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവരുടെ യോഗം ശനിയാഴ്ച മന്ത്രി അടിയന്തരമായി വിളിച്ചുകൂട്ടി. തുടർന്നാണ് ബാബുവിനെതിരെ കേസെടു‍ക്കേണ്ടെന്നു മന്ത്രി മാധ്യമങ്ങളെ അറിയിച്ചത്. ഇതിനായി തലസ്ഥാനത്ത് മന്ത്രിയുടെ ചേംബറിൽ വാർത്താസമ്മേളനവും നടത്തി. 


മന്ത്രി ശശീന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞത്: 

‘എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് ബാബുവിൽനിന്നു വനം വകുപ്പ് മൊഴിയെടുത്ത ശേഷം തുടർനടപടികൾ അവസാനിപ്പിക്കാനാണ് തീരുമാനം. ബാബുവിനെതിരെ കേസെടുക്കരുതെ‍ന്നു മുഖ്യവനപാലക‍നോടു നിർദേശിച്ചു. അസാധാരണ സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന അസാധാരണ നിലപാടായി ഇതിനെ കരുതിയാൽ മതി. കേസിന്റെ പേരിൽ ബാബുവിന്റെ കുടുംബത്തെ വിഷമിപ്പിക്കരു‍തെന്നാണ് തീരുമാനം. ഇതൊരു കീഴ്‍വഴക്കമല്ല, നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. കു‍മ്പാച്ചി മലയിൽ നിരീക്ഷണം ശക്തമാക്കും.

മകന്റെ ഭാവിയെ കരുതി ക്ഷമി‍ക്കണമെന്നും കേസടുക്കരു‍തെന്നും ബാബുവിന്റെ ഉമ്മ അഭ്യർഥിച്ചിരുന്നു.  അവരുടെ വേദന നാടിന്റെ ആവശ്യമായി കാണുന്നു. ബാബുവിനെതിരെ കേസെടുത്താൽ അതിൽ അനൗചി‍ത്യം ഉണ്ടെന്നു പൊതുസമൂഹം കരുതും.  ബാബുവിന് എതിരായ ഒരു നീക്കവും ഇപ്പോൾ സമൂഹം അംഗീകരിക്കില്ല. ഇക്കാര്യം നമ്മൾ മന‍‍സ്സിലാക്കണം. വ്യവസ്ഥകൾ പാലിച്ചു കൊണ്ടല്ല ബാ‍ബുവും കൂട്ടരും വനത്തി‍നുള്ളിലേക്ക് പ്രവേശിച്ച‍ത് എന്നാണ് പ്രാഥമിക വിവരം. എന്നാൽ, നിയമപരമായ വഴി മാത്രം സ്വീകരിക്കുന്നത് എല്ലാ ഘട്ടത്തിലും ഉചിതമാകില്ല. വനം വകുപ്പിന്റെ അനുവാദമില്ലാതെ വനത്തിനുള്ളിൽ എന്തിനു പ്രവേശി‍ച്ചു എന്ന ചോദ്യവുമുണ്ട്’.