20 April 2024 Saturday

മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചോയെന്ന് പൊലീസിന് എളുപ്പം അറിയാം'; മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ശോഭ സുബിൻ

ckmnews

മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചോയെന്ന് പൊലീസിന് എളുപ്പം അറിയാം'; മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ശോഭ സുബിൻ


കോൺ​ഗ്രസ് വനിതാ നേതാവിന്റെ മോർഫ് ചെയ്ത വിഡിയോ പ്രചരിപ്പിച്ചു എന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ കേസ് എടുത്തിരുന്നു. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ശോഭ സുബിൻ. വ്യാജ പ്രചരണങ്ങളെ തള്ളുകയാണെന്നും ഡിജിപിക്കും എസ്പിക്കും പരാതി നൽകിയെന്നും അദ്ദേഹം ഫേയ്സ്ബുക്കിലൂടെ പറഞ്ഞു. മാനനഷ്ടത്തിനും കേസ് ഫയൽ ചെയ്യുമെന്നും വ്യക്തമാക്കി. 


ശോഭ സുബിന്റെ കുറിപ്പ്


പ്രിയപ്പെട്ട സുഹൃത്തുക്കളേ, മതിലകം പോലീസ് സ്റ്റേഷനിൽ എനിക്കും സഹപ്രവർത്തകർക്കെതിരെയും എഫ്.ഐ.ആർ രെജിസ്റ്റർ ചെയ്തത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. മോർഫ് ചെയ്ത വീഡിയോ പ്രചരപ്പിച്ചു എന്നതാണ് ആരോപണം എന്ന് അറിയാൻ കഴിഞ്ഞു... വ്യാജ പ്രചരണങ്ങളേ ആദ്യമേ തന്നെ തള്ളി കളയുകയാണ്. ഡി.ജി.പിക്കും, എസ്.പിക്കും പരാതി നൽകിയിട്ടുണ്ട്. പാർട്ടി നേതൃത്വത്തിലും പരാതി നൽകിയിട്ടുണ്ട്. സംഘടന പ്രവർത്തനം നടത്തി തന്നെയാണ് മുന്നോട്ട് പോവുന്നത്. മോർഫ് ചെയ്ത വീഡിയോ ആണോ? അത് പ്രചരിപ്പിച്ചിട്ടുണ്ടോ? എന്നൊക്കെ ഇന്നത്തെ പോലീസ് സംവിധാനത്തിന് വളരെ എളുപ്പത്തിൽ അറിയാൻ സാധിക്കുന്ന കാര്യങ്ങളാണ്. മാനനഷ്ടത്തിനും കേസ് ഫയൽ ചെയ്യും.. കാര്യങ്ങൾ നിയമപരമായി തന്നെ നേരിടും..


കേസെടുത്തത് യൂത്ത് കോൺ​ഗ്രസ് വനിതാ നേതാവിന്റെ പരാതിയിൽ


കയ്പമംഗലത്തെ യൂത്ത് കോണ്‍ഗ്രസ് വനിതാനേതാവിന്റെ പരാതിയിൽ മതിലകം പൊലീസാണ് മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തത്. ശോഭ സുബിനെ കൂടാതെ നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍ എന്നിവരുടെ പേരിലാണ് കേസ്. തന്റെ പേരും പദവിയും സഹിതം മോര്‍ഫ് ചെയ്ത അശ്ലീലവീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് വനിതാ നേതാവിന്റെ പരാതി. ഐ.ടി. നിയമപ്രകാരമാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്