24 April 2024 Wednesday

പൊന്നാനി കോൾ മേഖലയിൽ മലപ്പുറം, തൃശ്ശൂർ ജില്ലകളെ വേർതിരിച്ച് പുതിയ ബണ്ട് ഉയരുന്നു

ckmnews

പൊന്നാനി കോൾ മേഖലയിൽ മലപ്പുറം, തൃശ്ശൂർ ജില്ലകളെ വേർതിരിച്ച് പുതിയ ബണ്ട് ഉയരുന്നു

   

എരമംഗലം: കേരളത്തിന്റെ നെല്ലറയായ പൊന്നാനി കോൾമേഖലയുടെ സമഗ്രവികസനത്തിന്റെ ഭാഗമായി മലപ്പുറം, തൃശ്ശൂർ ജില്ലകളെ വേർതിരിക്കുന്ന പുതിയ ബണ്ട് യാഥാർഥ്യമാകുന്നു. ഇരുജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്ന പൊന്നാനി കോൾമേഖലയിലെ ജില്ലാ അതിർത്തികൾ നിർണയിക്കുന്ന രീതിയിൽ ബണ്ടു വേണമെന്നത് കർഷകരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു.


പൊന്നാനി കോൾ സമഗ്രവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ നൂണക്കടവ് പാടശേഖരവും തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളം ഗ്രാമപ്പഞ്ചായത്തിലെ ഉപ്പുങ്ങൽ പാടശേഖരവും വേർതിരിച്ച് 1027 മീറ്റർ നീളത്തി‌ൽ ബണ്ട് നിർമിക്കുന്നത്. ഇതോടൊപ്പം മൂന്ന് എൻജിൻ തറയും അനുബന്ധമായ സ്ലൂയിങ്ങും നിർമിക്കുന്നുണ്ട്. കേരള ലാൻഡ് ഡെവലപ്‌മെന്റ്‌ കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെ.എൽ.ഡി.സി.) നേതൃത്വത്തിലാണ് നിർമാണം. പുതിയ ബണ്ടിന്റെ നിർമാണം പകുതിയിലധികം പൂർത്തിയായി.



ബണ്ടിന്റെ മേൽത്തട്ടിൽ മൂന്നുമീറ്റർ വീതിയും താഴെത്തട്ടിൽ എട്ടുമീറ്റർ മുതൽ പത്തുമീറ്റർ വീതിയുമാണ്. അനുബന്ധമായി ഉപ്പുങ്ങൽ പാടശേഖരസമിതിയുടെ 540 മീറ്ററും നൂണക്കടവ് പാടശേഖരസമിതിയുടെ 480 മീറ്ററും പരൂർ പാടശേഖരസമിതിയുടെ 630 മീറ്ററും ബണ്ടുനവീകരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. 2.44 കോടി രൂപ ചെലവിട്ടാണ് പുതിയ ബണ്ടും അനുബന്ധമായ ബണ്ടു നവീകരണവും നടക്കുന്നത്.