29 March 2024 Friday

കുന്നംകുളം മണ്ഡലത്തില്‍ ജലസുരക്ഷ പദ്ധതി:അവലോകനയോഗം ചേർന്നു

ckmnews

കുന്നംകുളം മണ്ഡലത്തില്‍ ജലസുരക്ഷ പദ്ധതി:അവലോകനയോഗം ചേർന്നു


കുന്നംകുളം :മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ജലസുരക്ഷ പദ്ധതിയുടെ അവലോകനയോഗം  ചേർന്നു. ജലസുരക്ഷ പദ്ധതിയുടെ വീടുതോറുമുള്ള വിവരശേഖരണ സര്‍വ്വേ ഫെബ്രുവരി 20 മുതല്‍ 28 വരെയുള്ള ദിവസങ്ങളി‍ല്‍ പൂര്‍ത്തിയാക്കാനും അതിനാവശ്യമായ വളണ്ടിയര്‍ പരിശീലനം 15 മുതല്‍ 18 നകം പൂര്‍ത്തിയാക്കാനും യോഗത്തില്‍ ധാരണയായി.  മാര്‍ച്ച് അഞ്ചോടെ പ്രാഥമിക പദ്ധതി രൂപരേഖ തയ്യാറാക്കാനും നിശ്ചയിച്ചിട്ടുണ്ട്.വിവരശേഖരണത്തിന്റെ പൈലറ്റ് സര്‍വ്വെ പൂര്‍ത്തിയായ വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ വിവിധ ഭൂതല മാപ്പുകളോടെ സഹായത്തോടെ കില ഫാക്കല്‍ട്ടി മോനിഷ് വിശദീകരിച്ചു.വിവരങ്ങളില്‍ കൃത്യത വരുത്തുന്നതിനും സര്‍വ്വെ ചോദ്യങ്ങളുടെ മെച്ചപ്പെടുത്തലിനുമുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ചില മാറ്റങ്ങള്‍ വിവരശേഖരണ ഫോറത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതിന് തീരുമാനിച്ചു.  6500 ഓളം വീടുകള്‍ വേലൂരില്‍ സര്‍വ്വെ ചെയ്തതില്‍ 250 വീടുകളില്‍ മാത്രമാണ് കിണര്‍ റീചാര്‍ജിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.  50% അധികം സ്ഥലങ്ങളില്‍ വേനല്‍കാലത്ത് കുടിവെള്ള ക്ഷാമം നേരിടുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.  വടക്കാഞ്ചേരി പുഴയും പഞ്ചായത്തിലൂടെ ഒഴുകുന്ന കൈവഴികളും തലക്കുളങ്ങളും സംബന്ധിച്ചതും മറ്റ് ഭൂവിനിയോഗങ്ങള്‍ സംബന്ധിച്ച ഭൂപടങ്ങള്‍ ഭൂവിനിയോഗവകുപ്പില്‍ നിന്നും ലഭ്യമായതും സര്‍വ്വേ വിവരങ്ങളും ചേര്‍ത്ത് വിശദമായ വിവരങ്ങള്‍ വേലൂര്‍ പഞ്ചായത്തിന്റെതായി നിലവില്‍ ലഭ്യമായിട്ടുണ്ട്.  


വിവരശേഖരണത്തിന്റെ ഘട്ടത്തിലും ക്രോഡീകരണത്തിന്റെയും പദ്ധതി ആസൂത്രണത്തിന്റെയും ഘട്ടങ്ങളിലും തദ്ദേശസ്ഥാപനതലങ്ങളില്‍ പ്രത്യേകിച്ചും മുഴുവന്‍ ജനങ്ങളെയും കുടിവെള്ള ദൗര്‍ലഭ്യത്തിന്റെ ആശങ്ക ബോധ്യപ്പെടുത്തി പങ്കാളികളാക്കാന്‍ ശ്രദ്ധിക്കണമെന്ന് എംഎല്‍എ തദ്ദേശസ്ഥാപന അദ്ധ്യക്ഷന്‍മാരോടും സെക്രട്ടറിമാരോടും ആവശ്യപ്പെട്ടു.  മൂന്ന് വര്‍ഷം കൊണ്ട് നിലവിലെ സ്ഥിതി മാറ്റി ജലസുരക്ഷയുടെ കാര്യത്തില്‍  സ്വയംപര്യാപ്തതയിലേയ്ക്ക് എത്തിക്കാനും വിജയിപ്പിക്കാനും ജനകീയ പങ്കാളിത്തം പ്രധാനപ്പെട്ട ഘടകമാണ്.ഇക്കാര്യത്തില്‍ പരമാവധി ഇടപെടലുകള്‍ നടത്താന്‍ ജനപ്രതിനിധികള്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എ സി മൊയ്തീൻ എംഎൽഎ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.   കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, മണ്ഡലത്തിലെ തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്‍മാരായ സീത രവീന്ദ്രന്‍, ആന്‍സി വില്ല്യംസ്, എസ് ബസന്ത് ലാല്‍, പി ഐ രാജേന്ദ്രന്‍, അഡ്വ രാമകൃഷ്ണന്‍, മീന സാജന്‍, ചിത്ര വിനോഭാജി, രേഷ്മ ഇ എസ്, ഷോബി ടി ആര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍,ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍, പദ്ധതിയുടെ കോഡിനേറ്റര്‍ വി മനോജ്, കില ഫാക്കല്‍ട്ടി എം രേണുകുമാര്‍, മോനിഷ്, കണ്‍വീനര്‍ ബിഡിഒ കെ എം വിനീത് തുടങ്ങിയവര്‍ സംബന്ധിച്ചു.