25 April 2024 Thursday

തുരങ്കം തകർന്ന് അപകടം; 9 പേർ കുടുങ്ങി, രക്ഷാപ്രവർത്തനം തുടരുന്നു

ckmnews

മധ്യപ്രദേശിലെ കട്‌നി ജില്ലയിലെ സ്ലീമനാബാദിൽ ബർഗി കനാൽ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന തുരങ്കം തകർന്നു. അപകടത്തിൽ ഒമ്പത് തൊഴിലാളികൾ കുടുങ്ങി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണെന്നും ഏഴ് പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം.സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിഇആർഎഫ്) സംഘത്തോടൊപ്പം പ്രാദേശിക ഉദ്യോഗസ്ഥരും ശേഷിക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. മധ്യപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) രാജേഷ് രജോറ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് രക്ഷാപ്രവർത്തനം വിലയിരുത്തുന്നുണ്ട്.

“ആവശ്യമായ ഉപകരണങ്ങളുമായി SDERF ടീം ഒരു ഷാഫ്റ്റ് കുഴിച്ച് തൊഴിലാളികളിലേക്ക് എത്താൻ ശ്രമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ ജില്ലാ കളക്ടറും എസ്പിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്” രാജോറ പിടിഐയോട് പറഞ്ഞു.


ജബൽപൂരിൽ നിന്നാണ് SDERF സംഘം എത്തിയതെന്ന് കട്‌നി കളക്ടർ പ്രിയങ്ക് മിശ്ര അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ രക്ഷാപ്രവർത്തകരോട് പ്രതികരിക്കുന്നുണ്ടെന്ന് സ്ലീമനാബാദ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് സംഘ് മിത്ര ഗൗതം പറഞ്ഞു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കലക്ടറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ആരാഞ്ഞു. പരിക്കേറ്റവർക്ക് കൃത്യമായ ചികിൽസ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.