25 April 2024 Thursday

പൊന്നാനിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് കപ്പൽ സർവീസ് ആരംഭിക്കുന്നു മാർച്ച് 26ന് പഠനയാത്ര ആദ്യ സംഘത്തിൽ 50 പേർ

ckmnews

പൊന്നാനിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് കപ്പൽ സർവീസ് ആരംഭിക്കുന്നു


മാർച്ച് 26ന് പഠനയാത്ര ആദ്യ സംഘത്തിൽ 50 പേർ


പൊന്നാനി:ചരിത്രത്തിലാദ്യമായി പൊന്നാനിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് കപ്പൽ സർവീസ് ഒരുങ്ങുന്നു.പൊന്നാനി പ്രസ് ക്ളബ്ബിന്റെ നേതൃത്വത്തിലാണ് പൊന്നാനിയുടെ ടൂറിസം മേഖലയിലെ പുതിയ സാധ്യതകളെ കണ്ടെത്തുന്നതിനായി പൊന്നാനി തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലേക്ക് കപ്പൽ സർവീസ് നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്.പദ്ധതിയുടെ ഭാഗമായി പൊന്നാനിയിലെ മാധ്യമ പ്രവർത്തകരുടെയും എംഎൽഎ,പി നന്ദകുമാർ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മാർച്ച് 26ന് പഠനയാത്ര എന്ന നിലയിൽ ലക്ഷദ്വീപിലേക്ക് 50 പേരടങ്ങുന്ന ആദ്യ കപ്പൽ സർവീസ് നടത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്.

പദ്ധതിയുടെ മുന്നോടിയായുള്ള ആലോചന യോഗം കഴിഞ്ഞ ദിവസം പൊന്നാനിയിൽ വെച്ചു നടന്നു.


പൊന്നാനി തീരത്തു നിന്ന് കപ്പലേറി ദ്വീപിൽ കാലുകുത്താൻ മോഹിച്ച പഴമക്കാർക്കു മുന്നിൽ പുതുതലമുറ യാത്രയുടെ വഴികൾ തേടുകയാണ് പൊന്നാനി തീരത്തു നിന്ന് ലക്ഷദ്വീപിലേക്ക് യാത്രയൊരുക്കാൻ വഴികൾ തേടിയുള്ള പുതുതലമുറയുടെ ആലോചന യോഗമാണ് കഴിഞ്ഞ ദിവസം നടന്നത്.




മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ പൊന്നാനി പ്രസ് ക്ലബ്ബാണ് ദ്വീപ് യാത്രാ സാധ്യതക്കൊപ്പം പൊന്നാനിയുടെ അനന്തമായ ടൂറിസം സാധ്യതകളുടെ അടഞ്ഞു കിടന്ന വാതിലുകൾ തുറക്കാൻ മുന്നിട്ടിറങ്ങുന്നത്. സാങ്കേതികവും ഭരണപരവുമായ മുഴുവൻ പിന്തുണയും സാധ്യമാക്കുന്ന തരത്തിൽ ബന്ധപ്പെട്ടവരുടെ സമ്പൂർണ്ണ സാന്നിധ്യം ഉറപ്പുവരുത്താൻ കഴിഞ്ഞതയായി പ്രസ് ക്ളബ്ബ് ഭാരവാഹികൾ പറഞ്ഞു.


ആദ്യഘട്ടമെന്ന നിലയിലാണ് വിവിധ മേഖലയിലുള്ളവരെ ചേർത്ത് പഠനയാത്ര നടത്താൻ തീരുമാനമായത്  അനുമതികൾക്കായി ഇടപെടലുകൾ നടത്താൻ പ്രത്യേക ചുമതലകൾ നൽകി. കപ്പൽ പൊന്നാനി തീരത്തേക്ക് അടുപ്പിക്കുന്ന കാര്യത്തിൽ ഷിപ്പ് പൈലറ്റ് ഉറപ്പു നൽകിയിട്ടുണ്ട്.ദ്വീപിലെ കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ദ്വീപ് നിവാസികൾ സ്വയം സന്നദ്ധമായി മുന്നോട്ട് വന്നിട്ടുണ്ടെന്നും സംഘാടകർ പറഞ്ഞു.  എം എൽ എയും എം പിയുടെ പ്രതിനിധിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനും,നഗരസഭ ചെയർമാനും യാത്ര സാധ്യമാകുമെന്ന ഉറപ്പ് നൽകിയതായും ഇവർ പറഞ്ഞു.


മറ്റിടങ്ങളിൽ നിന്ന് ദ്വീപിലേക്കുള്ള യാത്രയേക്കാൾ 20 മൈൽ വരെ ദൂരക്കുറവുണ്ട് പൊന്നാനിയിൽ നിന്നുള്ള യാത്രക്ക്. ദ്വീപിലേക്ക് സഞ്ചാരപാത തുറക്കുന്നതോടെ വലിയ മാറ്റങ്ങൾ പൊന്നാനിയെ തേടിയെത്തും. ടൂറിസം രംഗത്ത് ശ്രദ്ധേയമായ ഉണർവുണ്ടാകും. പൊന്നാനിയുടെ മണൽ തരികൾ ദ്വീപിൻ്റെ തീരം തൊടുമൊന്ന് പ്രതീക്ഷയിലാണ് പൊന്നാനിക്കാർ