29 March 2024 Friday

മാറഞ്ചേരിരിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നശിക്കുന്നത് ലക്ഷങ്ങളുടെ ഉരുപ്പടികൾ

ckmnews

മാറഞ്ചേരിരിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നശിക്കുന്നത് ലക്ഷങ്ങളുടെ ഉരുപ്പടികൾ


പ്രതിഷേധവുമായി ഉരുപ്പടികൾ സംഭാവനയായി നൽകിയ സന്നദ്ധസംഘടനകൾ


ചങ്ങരംകുളം:മാറഞ്ചേരിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ സന്നദ്ധപ്രവർത്തകർ സംഭാവനയായി ലക്ഷങ്ങളുടെ ഉരുപ്പടികൾ നശിക്കുന്നു.സിഎഫ് എൽടിസി ക്ക് നൽകിയ കട്ടിലുകളും അനുബന്ധ സാധനങ്ങളുമാണ് ഉപയോഗിക്കാതെ നശിച്ച് കൊണ്ടിരിക്കുന്നത്.തങ്ങൾ സംഭാവനയായി നൽകിയ കോവിഡ് ട്രീറ്റ്മെന്റ് ഉപകരണങ്ങൾ തിരിച്ച് നൽകുകയോ അർഹരായവർക്ക് വിതരണം ചെയ്യുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് സംഭാവന നൽകിയ സന്നദ്ധ സംഘടനകൾ പഞ്ചായത്തിനെ സമീപിച്ചിരിക്കുകയാണ്.


മാറഞ്ചേരി ഗ്രാമ പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും കോവിഡ് രോഗികളെ മാറ്റി പാർപ്പിക്കാനായി തയ്യാറാക്കിയ സിഎഫ്എൽടിസി (കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ) യിലേക്കാണ് വിവിധ സംഘടനകളും വ്യക്തികളും കട്ടിലുകളും കിടക്കകളുമുൾപ്പെടെയുള്ള സാധന സാമഗ്രികളും സൗജന്യമായി സമ്മാനിച്ചത്.എന്നാൽ കോവിഡ് ഭീതി ഒഴിഞ്ഞതോടെ ഇത്തരത്തിൽ സ്ഥാപിച്ച ട്രീറ്റ്മെന്റ് സെന്ററുകളിൽ രോഗികൾ എത്താതെ വന്ന തോടെയാണ് ലക്ഷങ്ങൾ ചിലവിട്ട് വാങ്ങി നൽകിയ ഉരുപ്പടികൾ നശിച്ച് തുടങ്ങിയത്.


50 തിൽ അധികം കട്ടിലുകളും കിടക്കകളും അനുബന്ധ ഉപയോഗ വസ്തുക്കളുമാണ് നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളുമായി പഞ്ചായത്തിന് അക്കാലത്ത് സംഭാവന നൽകിയത്.തുടർന്ന് മാറഞ്ചേരി ചാത്തോത്തേൽ പടിയിലുള്ള പാലസ് ഓഡിറ്റോറിയത്തിൽ 100 പേരെ കിടത്തി ചികിത്സിക്കാവുന്ന സൗകര്യത്തിൽ സിഎഫ്എൽടിസി സജ്ജീകരിക്കുകയും ചെയ്തു. താലൂക്കിലെ തന്നെ മികച്ച സൗകര്യങ്ങളും അന്തരീക്ഷവും ഉള്ള കോവിഡ് പരിചരണ കേന്ദ്രമായി ജില്ലാ പരിശോധക സംഘം വിലയിരുത്തിയ കേന്ദ്രമായിരുന്നു ഇത്.പൂർണ്ണ പ്രവർത്തന സജ്ജമായിട്ടും ഒരു കോവിഡ് രോഗിയെ പോലും പ്രവേശിപ്പിക്കാതെ മാസങ്ങളോളം ഈ കേന്ദ്രം അടഞ്ഞ് തന്നെ കിടന്നു. 


കേന്ദ്രത്തിന്റെ ഭക്ഷണ വിതരണമടക്കമുള്ള പ്രവർത്തന ചിലവുകളിലേക്കും മറ്റുമായി പണമായും സാധനങ്ങളായും വലിയ രീതിയിലുള്ള പിരിവാണ് അക്കാലത്ത് നടന്നത്. പിന്നീട് സിഎഫ് എൽടിസി വിഷയത്തിൽ സർക്കാർ നയത്തിൽ മാറ്റങ്ങളുണ്ടായതോടെ കിടത്തി ചികിത്സക്കായി ഇവിടെ സജ്ജമാക്കിയിരുന്ന മുഴുവൻ സംവിധാനങ്ങളും പഞ്ചായത്ത് ഓഫീസിലേക്ക് മാറ്റുകയും ചെയ്തു. ഇതേ തുടർന്ന് ചില സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. 


രണ്ടാം കോവിഡ് വ്യാപന കാലത്ത് വടമുക്ക് സ്കൂളിലും പരിച്ചകത്ത് വീട്ടിലും ഇതിലെ ഏതാനം കട്ടിലുകളും കിടക്കകളും ഉപയോഗിച്ച് ഏതാനം പേർക്ക് കിടക്കാൻ സൗകര്യമൊരുക്കിയെങ്കിലും പിന്നീട് അതും നിലച്ചു. 


ഇതോടെ പഞ്ചായത്തിലെ രണ്ടാം നിലയിൽ കട്ടിലുകളും കിടക്കകളും മറ്റ് അനുബന്ധ സാധനങ്ങളും ഉപയോഗിക്കാതെ കൂട്ടിയിടുക യായിരുന്നു.മഴയും വെയിലുമേറ്റ് ഇതിൽ പാതിയും നശിച്ച് തുടങ്ങിയിട്ടുണ്ട്.ഇതിനെതിരെയാണിപ്പോൾ പ്രതിഷേധം ശക്തമായിട്ടുള്ളത്. 


കോവിഡ് മൂലം ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ അത് വക വെക്കാതെ സ്വരൂപിച്ച പണവും അനുബന്ധ കാര്യങ്ങളുടെയും കൃത്യമായ കണക്ക് വിവരങ്ങളും അതിന്റെ ചിലവിനങ്ങളും സുതാര്യമായി ജനകീയ ഓഡിറ്റിങ് നടത്തണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.മാറഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് 50 കട്ടിലുകളാണ് നൽകിയിരുന്നത്.കോൺഗ്രസ് മാറഞ്ചേരി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 50 ബെഡുകളും നൽകിയിരുന്നു.ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള മറ്റ് സന്നദ്ധ രാഷ്ട്രീയ സംഘടനകളും സമാനമായ പല സഹായ സഹകരണങ്ങളും സാമ്പത്തിക സഹായങ്ങളും സിഎഫ്എൽടിസിക്ക് വേണ്ടി പഞ്ചായത്തിന് നൽകിയിട്ടുണ്ട്. 


എന്നാൽ ആ സമയത്ത് നൽകപ്പെട്ട സാമ്പത്തിക സഹായങ്ങൾക്കും അനുബന്ധമായ സാധനങ്ങളുടെയും കൃത്യമായ ഓഡിറ്റ് നടന്നിട്ടില്ലെന്നും കൃത്യമായ വിനിയോഗം നടക്കാതെ ഈ തുകയും വസ്തുവകകളും എന്തു ചെയ്തുവെന്നും പഞ്ചായത്ത് വ്യക്തമാക്കമെന്നും നാട്ടുകാരും സന്നദ്ധ സംഘടനകളും ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ 50 കട്ടിലുകൾ ഒന്നര വർഷത്തോളമായി ഉപയോഗിക്കാതെ നശിച്ച് പോകുന്ന സാഹചര്യത്തിൽ ഒന്നുകിൽ മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന് തിരിച്ച് നൽകണമെന്നും അല്ലാത്ത പക്ഷം പഞ്ചായത്തിൽ തന്നെ നിലവിൽ ഒരു കട്ടിലു പോലുമില്ലാതെ നിലത്ത് കിടന്നുറങ്ങേണ്ട സാഹചര്യമുള്ള നിർധരർക്ക് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകിയിട്ടുണ്ട്.  വിഷയം പഞ്ചായത്ത് ബോർഡിൽ ചർച്ച ചെയ്ത ശേഷം വിശദാംശങ്ങൾ അറിയിക്കാമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സന്നദ്ധ സംഘടനകളുടെ ആളുകൾക്ക് മറുപടി നൽകിയത്.