19 April 2024 Friday

വി. ടിയുടെ പ്രവർത്തനമാതൃക തിരിച്ചുപിടിക്കണം:ആലങ്കോട് ലീലാകൃഷ്ണൻ

ckmnews

വി. ടിയുടെ  പ്രവർത്തനമാതൃക തിരിച്ചുപിടിക്കണം:ആലങ്കോട് ലീലാകൃഷ്ണൻ


മേഴത്തൂർ:അനാചാരങ്ങളും അന്ധവിശ്വാസങ്ങളും സമൂഹത്തിൽ തിരിച്ചുവന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത് വി. ടി ഭട്ടതിരിപ്പാട് ഉയർത്തിക്കൊണ്ടുവന്ന നവോത്ഥാന ആശയങ്ങൾ തിരിച്ചു പിടിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു എന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡൻറ് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. വി. ടിയുടെ നാല്പതാം ചരമദിനത്തിനോടുനുബന്ധിച്ച്  യുവകലാസാഹിതി മേഴത്തൂരിൽ സംഘടിപ്പിച്ച അന്ധവിശ്വാസ അനാചാര വിരുദ്ധ ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു ലീലാകൃഷ്ണൻ.സാമൂഹിക തിന്മകൾക്കെതിരെ ഭയരഹിതമായി പ്രവർത്തിച്ച മനുഷ്യസ്നേഹിയായിരുന്നു വി. ടി. സമുദായ ഘടനയുടെ ബലിയാടുകൾ ആയിരുന്ന അപ്ഫൻമരെയും അന്തർജനങ്ങളെയും അവരുടെ അടിമത്വത്തിൽ നിന്നും മോചിപ്പിച്ചത് വി. ടി ആണ്.അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും കേരളത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തന്നെയാണ് മിശ്രവിവാഹ സംഘത്തിലും യുക്തിവാദ പ്രസ്ഥാനത്തിലും ഉള്ള അദ്ദേഹത്തിന്റെ പ്രവർത്തനം തെളിയിക്കുന്നത്,ദുരചാരങ്ങളും അസമത്വവും നിറഞ്ഞാടിയ സാമൂഹ്യഘടനയെ പുതുക്കിപ്പണിത അത്തരം പ്രവർത്തനങ്ങൾ ഇന്ന് കൂടുതൽ പ്രസക്തമായിരിക്കുകയാണെന്ന് ആലങ്കോട് പറഞ്ഞു.സംസ്ഥാന സെക്രട്ടറി  ഇ.എം സതീശൻ അദ്ധ്യക്ഷനായി.എഴുത്തുകാരനും പ്രഭാഷകനുമായ അജിത് കൊളാടി മുഖ്യപ്രഭാഷണം നടത്തി. 

മേളവിദഗ്ധൻ പെരിങ്ങോട് ചന്ദ്രൻ , വി. ബാലൻ മാഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.മേഴത്തൂർ സ്കൂളിന് വി.ടി. ഭട്ടതിരിപ്പാടിന്റെ പേര് നൽകണമെന്ന്  യുവ കലാ സാഹിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ടി. യു.ജോൺസൺ, ഡോ.വത്സലൻ വാതുശ്ശേരി, പ്രൊഫ.കെ.സി അരുണ,പി. ടി. ഹംസ,അഡ്വ. ആശാ ഉണ്ണിത്താൻ,ഡോ. സി. കെ. രത്നകുമാരി, ആർട്ടിസ്റ്റ് വി.ബാലൻ മാഷ്, ധനീഷ് അരേക്കത്ത് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ഇ.ഡി. ഡേവിസ് രചിച്ച് പി.ഡി.പൗലോസ് അവതരിപ്പിച്ച കരിവീട്ടിഎന്ന ഒറ്റയാൾ നാടകവും അരങ്ങേറി.