24 April 2024 Wednesday

കുറ്റിപ്പുറത്ത് ലഹരി നിര്‍മാണ ഫാക്ടറി കണ്ടെത്തി; പുകയില ഉല്‍പന്നങ്ങളും നിർമാണ യന്ത്രങ്ങളും പിടികൂടി

ckmnews

മലപ്പുറം കുറ്റിപ്പുറത്ത് ലഹരി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തി. ലഹരി വസ്‌തുക്കൾ പിടികൂടി. പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് എന്നയാളാണ് കെട്ടിടം വാടകയ്‌ക്കെടുത്തിരിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പട്ടാമ്പി പള്ളിപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ലഹരി വസ്‌തുക്കൾ നിർമ്മിക്കുന്ന യൂണിറ്റ് കണ്ടെത്തിയത്. ഒരുമാസം മുൻപാണ് കുറ്റിപ്പുറം സ്വദേശികളായ ഷറഫുദീൻ,ശ്രീകുമാർ എന്നിവർ വീട് വാടകയ്ക്ക് എടുത്ത് യൂണിറ്റ് സ്ഥാപിച്ചത് എന്നാണ് പൊലീസിൽ നിന്നും ലഭ്യമായിട്ടുള്ള വിവരം.

ഇവിടെ നിന്ന് പുകയില ഉത്പന്നങ്ങളും നിര്‍മാണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. എടച്ചലം കുന്നുംപുറത്ത് സ്ഥിതിചെയ്യുന്ന ഫാക്ടറിയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ നിര്‍മിച്ച് സമീപ ജില്ലകളില്‍ വിതരണം ചെയ്തിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് ഇത്തരമൊരു ഫാക്ടറി പ്രവര്‍ത്തിക്കുന്നതായി നാട്ടുകാരാണ് കണ്ടെത്തിയത്.