25 April 2024 Thursday

പ്രണയം തകർന്നതിന് കൂട്ടക്കൊല ; കാമുകന്റെ ഭാര്യയേയും മൂന്ന് കുട്ടികളേയും കൊന്ന് യുവതിയുടെ പ്രതികാരം ; ഞെട്ടിക്കുന്ന ക്രൂരത

ckmnews

ഒരു കുടുംബത്തിലെ അഞ്ച് പേരെ വെട്ടിക്കൊന്ന് യുവതിയുടെ ക്രൂരമായ പ്രതികാരം. കര്‍ണാടകയിലെ ശ്രീരം​ഗപട്ടണത്താണ് ഞെട്ടിക്കുന്ന കൂട്ടക്കൊല.സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കെആര്‍എസ് ബെലവട്ട സ്വദേശി ലക്ഷ്മി (30) ആണു പിടിയിലായത്.


കൊലപ്പെട്ട യുവതിയുടെ ഭര്‍ത്താവുമായുള്ള സ്നേഹ ബന്ധം തകര്‍ന്നതിന്റെ പ്രതികാരമായാണ് ഇവര്‍ ക്രൂരകൃത്യം നടത്തിയത്. കെആര്‍എസ് ബസാര്‍ ലൈനില്‍ താമസിക്കുന്ന ലക്ഷ്മി (30), മക്കളായ രാജു (10), കോമള്‍ (7), കുനാല്‍ (4), ലക്ഷ്മിയുടെ സഹോദരന്‍ ഗണേശിന്റെ മകന്‍ ഗോവിന്ദ് (8) എന്നിവരാണു കഴിഞ്ഞ ശനിയാഴ്ച രാത്രി വെട്ടേറ്റ് മരിച്ചത്.


മരിച്ച ലക്ഷ്മിയുടെ അമ്മാവന്റെ മകളാണു കൊല ചെയ്ത ലക്ഷ്മി. ലക്ഷ്മിയുടെ ഭര്‍ത്താവ് ഗംഗാറാമുമായി ഇവര്‍ വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. വീടുകളില്‍ കയറിയിറങ്ങി തുണിത്തരങ്ങള്‍ വില്‍ക്കുന്ന ഗംഗാറാം അടുത്തിടെ ഇവരുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലക്ഷ്മിയും ഗംഗാറാമും തമ്മില്‍ തര്‍ക്കമുണ്ടായി. തന്നെ ഇനി ശല്യപ്പെടുത്താന്‍ വരരുതെന്ന് ഇയാള്‍ തീര്‍ത്ത് പറഞ്ഞതോടെയാണ് ഭാര്യയെയും കുട്ടികളെയും വകവരുത്താന്‍ ലക്ഷ്മി പദ്ധതിയിട്ടത്.


ശനിയാഴ്ച ഗംഗാറാമിന്റെ വീട്ടില്‍ വെട്ടുകത്തിയുമായി എത്തിയ യുവതി ഇത് കുളിമുറിയില്‍ ഒളിപ്പിച്ചു. കുട്ടികളുമായി ഏറെനേരം കളിച്ചതിനു ശേഷം ഇവിടെ നിന്ന് ഭക്ഷണവും കഴിച്ചു. ലക്ഷ്മിയും കുട്ടികളും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ യുവതി ആദ്യം ലക്ഷ്മിയെ വെട്ടുകയായിരുന്നു. തലയണ ഉപയോഗിച്ച്‌ ശ്വാസംമുട്ടിച്ചു. അതിനിടെ സഹോദരന്റെ മകന്‍ ഗോവിന്ദ ഉണര്‍ന്ന് നിലവിളിച്ചതോടെ അവനെയും വെട്ടി. നിലവിളി കേട്ട് ലക്ഷ്മിയുടെ മൂന്ന് കുട്ടികള്‍ കൂടി ഉണര്‍ന്നതോടെ അവരെയും വെട്ടി വീഴ്ത്തുകയായിരുന്നു.


തുടര്‍ന്ന് പുലര്‍ച്ചെ നാല് വരെ മൃതദേഹങ്ങള്‍ക്കു കാവലിരുന്ന ഇവര്‍ പിന്നീട് കുളിച്ച ശേഷം ചോരപുരണ്ട വസ്ത്രങ്ങള്‍ ബാഗിലാക്കി കെആര്‍എസ് അരളിമര ബസ് സ്റ്റാന്‍ഡിലെത്തി. ബസില്‍ മേട്ടഗള്ളിയിലേക്ക് പോയ ഇവര്‍ വസ്ത്രങ്ങളും വെട്ടുകത്തിയും വരുണ കനാലില്‍ എറിഞ്ഞു.


തിരിച്ചെത്തിയ ഇവര്‍ വാര്‍ത്ത കേട്ടതോടെ മറ്റു ബന്ധുക്കള്‍ക്കൊപ്പം വിലപിക്കുകയും ചെയ്തു. മരിച്ച ലക്ഷ്മിയുടെ ഭര്‍ത്താവ് ഗംഗാറാം മൈസൂരുവില്‍ വസ്ത്ര വില്‍പനയ്ക്കായി പോയതായിരുന്നു. ലക്ഷ്മി ശനിയാഴ്ച ഈ വീട്ടിലെത്തിയതായി അയല്‍വാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.