28 March 2024 Thursday

എടപ്പാളിലെ ടാക്സി പാർക്കിങ് പ്രശ്നത്തിന് പരിഹാരമായി

ckmnews

എടപ്പാളിലെ ടാക്സി പാർക്കിങ് പ്രശ്നത്തിന് പരിഹാരമായി


എടപ്പാൾ:ടൗണിൽ മേൽപാലത്തിനു താഴെ ടാക്സി കാറുകൾ നിർത്തിയിടുന്നത് സംബന്ധിച്ച തർക്കത്തിന് ട്രാഫിക് റഗുലേറ്ററി അതോറിറ്റി യോഗത്തിൽ പരിഹാരം. തൃശൂർ റോഡിൽ കൂടുതൽ സ്ഥലം കയ്യടക്കി കാറുകൾ നിർത്തിയിട്ടതിനെതിരെ വ്യാപാരികൾ രംഗത്തെത്തിയിരുന്നു. കടകളിലേക്ക് ചരക്ക് ഇറക്കാൻ കഴിയുന്നില്ലെന്നും പൊതുജനങ്ങൾക്ക് വാഹനങ്ങൾ നിർത്തി സാധനങ്ങൾ വാങ്ങാൻ സാധിക്കുന്നില്ലെന്നും പരാതി ഉയർന്നു. കാറുകൾ മാറ്റാൻ ഡ്രൈവർമാരും തയാറായില്ല. ഇതേത്തുടർന്നാണ് അടിയന്തര യോഗം വിളിച്ച് ചർച്ച നടത്തിയത്.


പാലത്തിന് താഴെ എയ്ഡ് പോസ്റ്റിനോടു ചേർന്ന് രണ്ടു വരിയായി ഒന്നിനു പിറകിൽ ഒന്നായി 4 കാറുകൾ നിർത്താൻ തീരുമാനിച്ചു. ശേഷിക്കുന്ന സ്ഥലം വ്യാപാരികൾക്ക് ചരക്ക് ഇറക്കാൻ ഉപയോഗിക്കാം. കടകളിലേക്ക് വരുന്ന വാഹനങ്ങൾക്ക് മറ്റു ഭാഗങ്ങളിൽ പാർക്ക് ചെയ്യാം. പാലത്തിനുതാഴെ സ്ഥിരമായി നിർത്തിയിടുന്ന ബൈക്കുകൾ ഉൾപ്പെടെ പിടിച്ചെടുക്കും. കുറ്റിപ്പുറം റോഡിൽ 5 ഗുഡ്സ് ഓട്ടോകൾ നിർത്തിയിരുന്ന സ്ഥലത്തുനിന്ന് മുന്നിലേക്ക് നീക്കി നിർത്താനും തീരുമാനിച്ചു


ഇരുവശങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പാലത്തിന് മുകളിൽ വേഗ പരിശോധനാ ക്യാമറകൾ സ്ഥാപിക്കും. സിസിടിവി ക്യാമറകളും സ്ഥാപിക്കും. പാലത്തിലൂടെയുള്ള കാൽനട യാത്ര കർശനമായി നിരോധിക്കും.ഇരുവശത്തും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും. ടൗണിലെ ശുചിത്വം, വെളിച്ചക്കുറവ് എന്നിവ പരിഹരിക്കാൻ പഞ്ചായത്തുകൾ മുൻകയ്യെടുക്കും.നേരത്തെ ടൗണിൽ ഉണ്ടായിരുന്ന ഹൈമാസ്റ്റ് വിളക്ക് ജംക്‌ഷനിൽ വീണ്ടും സ്ഥാപിക്കും. സർവകക്ഷി യോഗം ചേർന്ന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. അഡീഷനൽ തഹസിൽദാർ ടി.കെ.സുകേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കഴുങ്കിൽ മജീദ്, സി.വി.സുബൈദ,ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ, എസ്ഐ എ.ഖാലിദ്, എഎംവിഐ അഷ്റഫ് സൂർപ്പിൽ, വട്ടംകുളം വില്ലേജ് ഓഫിസർ മോളി ഡാനിയേൽ എന്നിവർ പങ്കെടുത്തു.


മറ്റു പ്രധാന നിർദേശങ്ങൾ:

പണം ഈടാക്കി പാർക്കിങ്ങിന്റെ സാധ്യത പരിശോധിക്കും. സീബ്രാ ലൈനിൽ നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ കേസെടുക്കും. പാലത്തിന് 100 മീറ്റർ പരിധിയിലെ അനധികൃത പാർക്കിങ് നിരോധിക്കും. പാലം അവസാനിക്കുന്ന ഭാഗങ്ങളിൽ വാഹനങ്ങൾ യു ടേൺ എടുക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ സ്ഥിരം ഡിവൈഡറുകൾ സ്ഥാപിക്കും. ബസുകൾ ഉൾപ്പെടെ നിർദേശിച്ച സ്ഥലങ്ങളിലല്ലാതെ നിർത്തിയിട്ടാൽ നടപടി സ്വീകരിക്കും.