25 April 2024 Thursday

ഹിജാബ് കേസ്: വിശാല ബഞ്ചിനു വിട്ട് കർണാടക ഹൈക്കോടതി ,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം പ്രതിഷേധങ്ങള്‍ നിരോധിച്ചു

ckmnews

ഹിജാബ് കേസ്:  വിശാല ബഞ്ചിനു വിട്ട് കർണാടക ഹൈക്കോടതി ,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം പ്രതിഷേധങ്ങള്‍ നിരോധിച്ചു:കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ  15 പേരെ അറസ്റ്റ് ചെയ്ത്

ബെംഗളൂരു: സംസ്ഥാനത്തെ ചില വിദ്യാലയങ്ങളിലെ ഹിജാബ് വിലക്കിനെതിരെ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികൾ തീർപ്പാക്കാതെ കർണാടക ഹൈക്കോടതി. വിഷയം വിശാലബഞ്ചിലേക്ക് വിടുകയാണെന്ന് കേസ് പരിഗണിച്ച സിംഗിൾ ബഞ്ച് ജഡ്ജി ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് അറിയിച്ചു. ഇടക്കാല ഉത്തരവും വിശാല ബഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് ദീക്ഷിത് ഉത്തരവിൽ വ്യക്തമാക്കി.


വിദ്യാർത്ഥികൾക്ക് ക്ലാസിൽ പങ്കെടുക്കാൻ സഹായകരമായ ഇടക്കാല വിധി പുറപ്പെടുവിക്കണമെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ സഞ്ജയ് ഹെഗ്‌ഡെ, ദേവദത്ത് കാമത്ത് എന്നിവരാണ് ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഇക്കാര്യം അംഗീകരിച്ചില്ല. ഹിജാബ് യൂണിഫോമിന്റെ അവിഭാജ്യ ഘടകമല്ലെന്ന് കർണാടക സർക്കാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വാദിച്ചു. കോളജ് അധികൃതർ നിർദേശിക്കുന്ന യൂണിഫോമിലാണ് വിദ്യാർത്ഥികൾ വരേണ്ടത് എന്നും ഇടക്കാല വിധി പുറപ്പെടുവിക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ബെംഗളൂരുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള എല്ലാ ഒത്തുചേരലുകളും പ്രതിഷേധങ്ങളും രണ്ടാഴ്ചത്തേക്ക് നിരോധിച്ചു. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രതിഷേധങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് പോലീസിന്റെ കര്‍ശന നടപടി. 


ബെംഗളൂരുവിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും 200 മീറ്റര്‍ പരിധിയില്‍ യാതൊരുവിധ പ്രതിഷേധങ്ങളും അനുവദിക്കില്ലെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവില്‍ പറയുന്നത്. 


ഹിജാബ് വിവാദത്തില്‍ കടുത്ത പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കഴിഞ്ഞ ദിവസം കര്‍ണാടകത്തിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്നു. സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കുന്നതിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും വ്യക്തമാക്കിയിരുന്നു. 


ഹിജാബ് വിലക്കിയതിനെതിരേ ഉഡുപ്പി കോളേജിലെ അഞ്ച് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. സംഘര്‍ഷങ്ങള്‍ക്കിട വരുത്താതെ സമാധാനം കാത്തുസൂക്ഷിക്കണമെന്ന് കോടതിയും വിദ്യാര്‍ഥികളോടും പൊതുജനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്. 


ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പി.യു. കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിതുറന്നത്. നടപടിക്കെതിരേ വിദ്യാര്‍ഥിനികള്‍ രംഗത്തെത്തുകയായിരുന്നു. സംസ്ഥാനത്തെ നിരവധി കോളേജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ 'ഐ ലവ് ഹിജാബ്' എന്ന് പേരില്‍ ക്യാംപയിനും വിദ്യാര്‍ഥികള്‍ ആരംഭിച്ചിരുന്നു.


വിദ്യാലയങ്ങളിൽ ഹിജാബ് വിഷയത്തിൽ അക്രമം അഴിച്ചുവിട്ടതിൽ   നടപടി സ്വീകരിച്ച് പോലീസ്. 15 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിന്റെ മറവിൽ വ്യാപകമായി അക്രമം അഴിച്ചുവിട്ടവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.ശിവമോഗ, ബഗൽകോട്ട് എന്നീ ജില്ലകളിൽ ഹിജാബിന്റെ പേരിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം വലിയ സംഘർഷത്തിൽ കലാശിച്ചിരുന്നു. ജില്ലകളിൽ അക്രമങ്ങൾക്ക് നേതൃത്വം നൽകിയവരാണ് അറസ്റ്റിലായത്. ഹിജാബിന്റെ പേരിൽ സംസ്ഥാനത്ത് വർഗ്ഗീയ കലാപത്തിന് ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

കർണാടകയ്ക്ക് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഹിജാബ് നിരോധനത്തിന് ഒരുങ്ങുന്നു. ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്ന് മധ്യപ്രദേശ്, പുതുച്ചേരി സര്‍ക്കാരുകള്‍ വ്യക്തമാക്കി. തെലങ്കാനയില്‍ ഹിജാബ് നിരോധനം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കര്‍ണാടകയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹിജാബിന്‍റെ പേരില്‍ സത്രീകളെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.


നിരോധനാജ്ഞ നിലനില്‍ക്കേ ശിവമൊഗ്ഗയിലും ദാവന്‍കരയിലും വീണ്ടും പ്രതിഷേധ റാലികള്‍ക്ക് ഒത്തുകൂടിയവരെ പൊലീസ് വിരട്ടിയോടിച്ചു. പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിച്ച് നഗരത്തിലൂടെ റാലിക്ക് ആഹ്വാനം നല്‍കിയിരുന്നു. സംഘങ്ങളായി തിരിഞ്ഞ് ഒത്തുകൂടിയവര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. ഹൈസ്കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും ക്യാമ്പസ് ഫ്രണ്ടുമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ ആരോപിച്ചു. ഹിജാബ് അനുവദിക്കില്ലെന്നും വസ്ത്രധാരണ രീതി നിര്‍ബന്ധമായും പാലിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 


എന്നാല്‍ ഭിന്നിച്ച് ഭരിക്കാനുള്ള സര്‍ക്കാര്‍ നീക്കണമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ശിവമാെഗ്ഗ സര്‍ക്കാര്‍ കോളേജില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ കാവി കൊടി കോണ്‍ഗ്രസ് അഴിച്ചുമാറ്റി, പകരം ദേശീയ പതാക ഉയര്‍ത്തി. 


അതിനിടെ ഹിജാബ് നിരോധനത്തെ പിന്തുണച്ച് മധ്യപ്രദേശും പുതുച്ചേരിയും രംഗത്തെത്തി. നിര്‍ബന്ധിത ഡ്രസ് കോഡ് കൊണ്ടുവരുമെന്ന് ഇരുസംസ്ഥാനങ്ങളും അറിയിച്ചു. തെലങ്കാനയില്‍ ഹിജാബ് നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സര്‍ക്കാരിന് കത്ത് നല്‍കി. ഭയാനകമെന്നും മുസ്ലീം സ്ത്രീകളെ പാര്‍ശ്വവത്കരിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും നോബേല്‍ ജേതാവ് മലാല യുസഫ്സായ് ആവശ്യപ്പെട്ടു.