28 March 2024 Thursday

മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ തീവ്രശ്രമം തുടരുന്നു:ബാബുവിനരികെ സൈന്യം

ckmnews

മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ തീവ്രശ്രമം തുടരുന്നു:ബാബുവിനരികെ സൈന്യം


മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനായി കേരളം സാക്ഷിയാകുന്നത് സമാനതകളില്ലാത്ത രക്ഷാദൗത്യത്തിന്.ഒരാള്‍ക്ക് വേണ്ടി സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ സൈനിക രക്ഷാപ്രവര്‍ത്തനമാണിത്. മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ താഴെയിറക്കാന്‍ കരസേന സംഘം ഇന്നലെ അര്‍ധരാത്രി മുതല്‍ ശ്രമം തുടരുകയാണ്.


ഊട്ടിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമെത്തിയ സൈന്യം പുലര്‍ച്ചെ 2.50ന് ബാബുവിനടുത്തെത്തി സംസാരിച്ചു. ബാബു സൈന്യത്തോട് വെള്ളം ചോദിച്ചു. എത്രയും പെട്ടന്ന് വെള്ളമെത്തിക്കാമെന്നും താഴേക്ക് ഇറക്കാമെന്നും  ലഫ്റ്റണന്റ് കേണല്‍ ഹേമന്ദ് രാജ് ഉറപ്പ് നല്‍കി. 23 ഡിഗ്രി താപനിലയിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.


ഇന്നലെയും ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെ വിജയം കണ്ടില്ല. ഡ്രോണുകളും ഹെലികോപ്റ്ററും ഭക്ഷണമെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് പരാജയപ്പെട്ടു.


തിങ്കളാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം മല കയറുന്നതിനിടെ കാല്‍തെന്നി ബാബു പാറക്കെട്ടിനിടയില്‍ കുടുങ്ങുകയായിരുന്നു. ഫോണില്‍ താഴെയുള്ളവരെ ബാബു തന്നെ വിവരമറിയിച്ചതോടെ ചിലര്‍ മലമുകളിലെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അപകട വിവരം അഗ്നിരക്ഷാസേനയെ വിളിച്ചറിയിച്ചതോടെയാണ് വിവരം നാട്ടുകാര്‍ അറിഞ്ഞത്.