23 April 2024 Tuesday

മലയില്‍ കുടുങ്ങിയ യുവാവിന് ഭക്ഷണമെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടു, ഹെലികോപ്ടര്‍ മടങ്ങി: പർവ്വതാരോഹകരുടെ സഹായം തേടി .

ckmnews



പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. അപകടം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും യുവാവിനെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടില്ല. യുവാവിന് ഭക്ഷണവും വെള്ളവും എത്തിക്കാനായി കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ സ്ഥലത്തെത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. കൊച്ചിയില്‍ നിന്നെത്തിച്ച ഹെലികോപ്ടര്‍ തിരിച്ചയച്ചു. 


മലയുടെ ചെങ്കുത്തായ ഭാഗത്തിന്റെ താഴെയാണ് യുവാവ് കുടുങ്ങിയിരിക്കുന്നത്. എന്‍ഡിആര്‍എഫ് സംഘവും പ്രാദേശിക തിരച്ചില്‍ സംഘവും യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും യുവാവ് ഉള്ള സ്ഥലത്തേക്ക് എത്തിപ്പെടാനാവുന്നില്ല. വടംകെട്ടിയും മറ്റും സ്ഥലത്തേക്ക് എത്തിപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. കുത്തനെയുള്ള ഭാഗമായതിനാല്‍ ഇവിടേക്ക് ഹെലികോപ്ടറിന് എത്തിപ്പെടാനാവുമോ എന്ന ആശങ്കയുണ്ടായിരുന്നു. 


24 മണിക്കൂര്‍ പിന്നിട്ടതിനാല്‍ ബാബുവിന്റെ ആരോഗ്യനിലയെക്കുറിച്ചും ആശങ്കയുണ്ട്. രാത്രിയിലെ കടുത്ത തണുപ്പും പകല്‍നേരത്തെ ചുട്ടുപൊള്ളുന്ന ചൂടിനേയും അതിജീവിക്കേണ്ടതുണ്ട്. ഭക്ഷണമോ വെള്ളമോ എത്തിക്കുന്നതിനാണ് നിലവിലെ ശ്രമങ്ങള്‍. 


ഉച്ച വരെ മലയുടെ ഒരു ഭാഗത്ത് നിന്നുള്ള ആളുകള്‍ക്ക് ബാബുവിനെ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു. വസ്ത്രം വീശികാണിച്ച് ആളുകള്‍ക്ക് സിഗ്നല്‍ കൊടുത്തിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ബൈനോക്കുലര്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ടെങ്കിലും കാഴ്ച വ്യക്തമല്ല. മണിക്കൂറുകള്‍ പിന്നിട്ടതിനാല്‍ ബാബു അവശതയിലാണെന്നാണ് കരുതുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബാബുവും മറ്റ് രണ്ട് കുട്ടികളുമായി ചേര്‍ന്നാണ് സാഹസിക വിനേദസഞ്ചാര മേഖലയായ മലമ്പുഴ ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറിയത്. എന്നാല്‍ കുട്ടികള്‍ രണ്ടുപേരും പകുതിയെത്തിയപ്പോള്‍ തിരികെപോയി. ബാബു മലമുകളിലേയ്ക്ക് പോയി. മലയുടെ മുകളില്‍നിന്ന് കാല്‍ തെന്നിവീണ ബാബു പാറക്കെട്ടിനിടയില്‍ കുടുങ്ങുകയായിരുന്നു. താഴെയുള്ളവരെ ബാബു ഫോണില്‍ വിവരമറിയിച്ചു. ചിലര്‍ മലമുകളിലെത്തി ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന നേരം ഇരുട്ടിത്തുടങ്ങിയതോടെ അവര്‍ തിരിച്ചുപോന്നു. അപ്പോള്‍ ബാബു തന്നെ അപകടത്തില്‍പ്പെട്ട വിവരം തന്റെ ഫോണില്‍നിന്ന് അഗ്നിരക്ഷാസേനയെ വിളിച്ചറിയിക്കുകയായിരുന്നു.തെന്നിവീണതിനെ തുടര്‍ന്ന് ബാബുവിന്റെ കാലില്‍ മുറിവും ഒടിവും ഉണ്ടെന്നാണ് വിവരം. പരിക്ക് പറ്റിയതിനാല്‍ അനങ്ങാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. പരിക്കേറ്റതിന്റെ ചിത്രങ്ങളും സെല്‍ഫിയും ബാബു സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു. 


ഫോണിന്റെ ചാര്‍ജ് തീരാറായെന്ന സന്ദേശം ബാബുവിന്റെ സുഹൃത്തുക്കള്‍ക്ക് ലഭിച്ചിരുന്നു. ബാബുവുമായി യാതൊരുവിധത്തിലുള്ള ആശയവിനിമയവും നടക്കുന്നില്ല. രാവിലെ തിരച്ചിലിനായി പോയസംഘം ബാബുവിനെ കണ്ടതായി അറിയിച്ചിരുന്നു.