20 April 2024 Saturday

കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞു; വീണ്ടും ഇളവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

ckmnews

കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞു; വീണ്ടും ഇളവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ


രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് കൂടുതൽ ഇളവുകൾ അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഹാളിനുള്ളിലും തുറസ്സായ സ്ഥലങ്ങളിലും നടക്കുന്ന പൊതുയോഗങ്ങൾക്കാണ് ഇളവ്. ഹാളിനുള്ളിൽ നടക്കുന്ന യോഗങ്ങളിൽ സീറ്റിങ് ശേഷിയുടെ 50 ശതമാനം ആളുകളെയും തുറസ്സായ സ്ഥലങ്ങളിൽ വിസ്തീർണം അനുസരിച്ച് 30 ശതമാനം ആളുകളെയും പ്രവേശിപ്പിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വക്താവ് അറിയിച്ചു.

റോഡ് ഷോ, പദയാത്ര, സൈക്കിൾ– വാഹന റാലി എന്നിവയ്ക്കുള്ള വിലക്ക് തുടരും. വീടുകയറിയുള്ള പ്രചാരണത്തിന് പരമാവധി ആളുകളുടെ എണ്ണം 20 തന്നെയാണ്. രാത്രി എട്ടു മുതൽ രാവിലെ എട്ടു വരെ പ്രചാരണത്തിനു വിലക്കുണ്ട്. നിലവിലുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനു ശനിയാഴ്ച കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറിയുമായി കമ്മിഷൻ നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി.


കോവിഡ് സാഹചര്യത്തെക്കുറിച്ച് ആരോഗ്യ സെക്രട്ടറി കമ്മിഷനോട് വിശദീകരിച്ചു. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന മൊത്തം കേസുകളിൽ വളരെ ചെറിയ അനുപാതമാണ് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഉള്ളതെന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. ജനുവരി 21-22 തീയതികളിൽ കോവിഡ് കേസുകൾ ഏറ്റവും ഉയർന്നനിലയിലായിരുന്നെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു.

തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ, ചികിത്സയിലുള്ള രോഗികളുടെ എണ്ണം ജനുവരി 22ന് 32,000 ആയിരുന്നു. ഫെബ്രുവരി 5ന് ഇത് 7,000 ആയി കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംസ്ഥാനങ്ങളിൽ ഫെബ്രുവരി 1നും മാർച്ച് 7നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ്. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും.