25 April 2024 Thursday

മലപ്പുറത്ത് തൊഴിലുറപ്പുപണിക്കിടെ കണ്ടെത്തിയത് നിധി:സ്വര്‍ണനാണയങ്ങളുടെ രൂപത്തിൽ കുടത്തിനകത്ത്

ckmnews

മലപ്പുറത്ത് തൊഴിലുറപ്പുപണിക്കിടെ കണ്ടെത്തിയത് നിധി:സ്വര്‍ണനാണയങ്ങളുടെ രൂപത്തിൽ കുടത്തിനകത്ത്


ചട്ടിപ്പറമ്പ്: പൊന്മള ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ മണ്ണഴി കോട്ടപ്പുറത്ത് വീട്ടുവളപ്പിൽനിന്നു നിധി കണ്ടെത്തി. വാർഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ തെങ്ങിന് കുഴിയെടുക്കുന്നതിനിടെയാണിത്. പ്രദേശത്തെ തെക്കേമുറി കാർത്ത്യായനിയുടെ പുരയിടത്തിലാണ് നിധി കണ്ടെത്തിയത്.മൺകലത്തിനുള്ളിൽ ലോഹപ്പെട്ടിയിൽ അടച്ച നിലയിലായിരുന്ന നിധി. സ്വർണനാണയങ്ങളുടെ രൂപത്തിലും മറ്റുമുള്ള പുരാതന ലോഹങ്ങളാണ് പെട്ടിയിലുള്ളത്.ശനിയാഴ്ച രാവിലെ കുടുംബാംഗങ്ങൾ അറിയിച്ചതിനെത്തുടർന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ്, വൈസ് പ്രസിഡന്റ് കടക്കാടൻ ഷൗക്കത്തലി, അംഗങ്ങളായ കെ. രാധ, സുബൈർ പള്ളിക്കര, കെ.ടി. അക്ബർ, മുൻ പഞ്ചായത്തംഗം കെ. നാരായണൻകുട്ടി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. തുടർന്ന് പോലീസ്സ്റ്റേഷനിലും വില്ലേജ് ഓഫീസിലും അറിയിക്കുകയുംചെയ്തു.


ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നിയമനടപടികൾ പൂർത്തീകരിച്ചശേഷം ലോഹപ്പെട്ടിയുൾപ്പെടെയുള്ള വസ്തുക്കൾ ഭൂവുടമ കാർത്ത്യായനിയുടെ മകൻ പുഷ്പരാജിന്റെ സാന്നിധ്യത്തിൽ വില്ലേജ് ഓഫീസ് ജീവനക്കാർ ജില്ലാ സിവിൽസ്റ്റേഷനിലെ ട്രഷറിയിൽ ഏൽപ്പിച്ചു. ഇവ പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പുരാവസ്തുവകുപ്പ് അറിയിച്ചു