25 April 2024 Thursday

മരണ മുഖത്ത് നിന്ന് ജീവിതത്തിലേക്ക്:കോവിഡ് ബാധിച്ച തൃത്താല സ്വദേശിക്ക് പ്ളാസ്മ ചികിത്സയിലൂടെ രോഗമുക്തി

ckmnews

മരണ മുഖത്ത് നിന്ന് ജീവിതത്തിലേക്ക്:കോവിഡ് ബാധിച്ച തൃത്താല സ്വദേശിക്ക് പ്ളാസ്മ ചികിത്സയിലൂടെ രോഗമുക്തി


പ്ളാസ്മ നല്‍കിയത് എടപ്പാള്‍ കോലളമ്പ് സ്വദേശി വിനീത്


മരണമുഖത്തു നിന്നും ജീവിതത്തിലേക്ക്‌ മടങ്ങി വന്ന സൈനുദ്ദീനെ കാത്ത്‌ ആശുപത്രി വരാന്തയിൽ വിനീത്‌ ഉണ്ടായിരുന്നു. പ്ലാസ്‌മ നൽകി തന്നെ ജീവിതത്തിലേക്ക്‌ തിരിച്ചുപിടിച്ച ആ ചെറുപ്പക്കാരന്‌ വീൽ ചെയറിലിരുന്ന്‌ സൈനുദ്ദീൻ കൈനീട്ടി. പിറകെ  മധുരസമ്മാനം കൈമാറി.പ്ലാസ്‌മ തെറാപ്പിയിലൂടെ കോവിഡ്‌ മുക്തനായ സംസ്ഥാനത്ത ആദ്യ രോഗിയെന്ന പെരുമയുമായി പാലക്കാട് തൃത്താല ഒതളൂർ സ്വദേശി സൈനുദ്ദീനും അതിന്‌ നിമിത്തമായി വിനീതും ചരിത്രത്തിലെ മായാത്ത പുഞ്ചിരിയായി. മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലായിരുന്നു ഈ അപൂർവ്വ കാഴ്‌ച.ചെന്നൈ ജെസിടി കോളേജിൽ മെക്കാനിക്കൽ എൻജിനീയർ വിദ്യാർഥിയായ വിനീത് കോവിഡ്‌ ബാധിതനായിരുന്നു.പഠനത്തിന് പണം കണ്ടെത്താൻ വേനലവധിക്ക് ചെന്നൈ നഗരത്തിൽ ബേക്കറിയിൽ ജോലി ചെയ്യുമ്പോഴായിരുന്നു രോഗ ബാധ.നാട്ടിലെത്തിയ വിനീതിന് കോവിഡ് പരിശോധന നടത്തി.ഫലം പോസിറ്റീവാണെന്ന് കണ്ടതിനെ തുടർന്ന് മെയ് 14 മഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 ദിവസത്തെ ചികിത്സക്ക് ‌ശേഷം രോഗമുക്തനായി വീട്ടിലേക്ക് മടങ്ങി.അസുഖം മൂർഛിച്ച്‌ ‌ വെന്റിലേറ്ററിലായ സൈനുദ്ദീന്റെ ജീവൻ നിലനിർത്താൻ പ്ലാസ്‌മ തെറാപ്പിക്ക് മെഡിക്കല്‍ ബോർഡ്‌ തീരുമാനമെടുത്തു.കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ഷിനാസ്ബാബുവാണ് വിനീതിനെ വിളിച്ച് സഹായം അഭ്യർഥിച്ചത്‌.വിവരം വീട്ടുകാരുമായി വിനീത് പങ്കുവെച്ചു. അമ്മ സുനിതയാണ് വിനീതിനോട് പ്ലാസ്‌മ നല്‍കാന്‍ പ്രോത്സാഹിപ്പിച്ചത്.കഴിഞ്ഞ  13ന്‌ ആശുപത്രിയിലെത്തി പ്ലാസ്‌മ നല്‍കി മടങ്ങി.സൈനുദീന്‍ ജീവിതത്തിലേക്ക്‌ മടങ്ങി വന്ന വിവരം ഡോക്ടര്‍ ഫോണില്‍ വിളിച്ച് പറയുമ്പോള്‍ അതിയായ സന്തോഷവും അഭിമാനവും തോനിയെന്ന് വിനീത് പറഞ്ഞു.