25 April 2024 Thursday

സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയില്‍ മൂന്നാര്‍

ckmnews

മൂന്നാര്‍: സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയില്‍ മൂന്നാര്‍. അതിശൈത്യം ഇത്തവണ വൈകിയാണ് മൂന്നാറിലെത്തിയത്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് ഒരുഡിഗ്രി ഇന്ന് പുലര്‍ച്ചെ മൂന്നാര്‍ ചെണ്ടുവരൈയില്‍ രേഖപ്പെടുത്തി.
ഡിസംബറിന്റെ ആദ്യവാരം ശൈത്യകാലം ആരംഭിക്കുന്ന മൂന്നാറില്‍ ഇത്തവണ ആദ്യമാണ് തണുപ്പ് മൈനസ് ഡിഗ്രിയിലെത്തുന്നത്. സൈലന്റ്‌വാലി, നല്ലതണ്ണി തുടങ്ങിയ സ്ഥലങ്ങളിലും തണുപ്പ് മൈനസിനടുത്തെത്തി. ഒരുഡിഗ്രിയായിരുന്നു ഇവിടെ കുറഞ്ഞ താപനില. മാട്ടുപ്പെട്ടിയില്‍ കുറഞ്ഞ താപനില മൂന്നുഡിഗ്രിയിലെത്തിയപ്പോള്‍ തെന്മലയില്‍ എട്ടുഡിഗ്രിയായിരുന്നു.

വിനോദസഞ്ചാരികള്‍ക്ക് തണുപ്പ് മനോഹരമായ അനുഭവമാണെങ്കിലും തുടര്‍ച്ചയായ മഞ്ഞുവീഴ്ച തേയിലച്ചെടികളെ പ്രതികൂലമായാണ് ബാധിക്കുന്നത്. കഠിനമായി മഞ്ഞ് വീഴുന്ന സ്ഥലങ്ങളിലെ തേയില കരിഞ്ഞുണങ്ങുന്നത് തോട്ടം മേഖലക്ക് തിരിച്ചടിയാണ്. എല്ലപ്പെട്ടി, സെവന്‍മല, ലക്ഷ്മി, ചിറ്റുവാര, കന്നിമല, നയമക്കാട് എന്നിവടങ്ങളിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. കൊവിഡ് വ്യാപനംമൂലം ഇത്തവണത്തെ തണുപ്പ് ആസ്വദിക്കാനുള്ള അവസരം സഞ്ചാരികള്‍ക്ക് നഷ്ടപ്പെടും.