24 April 2024 Wednesday

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; 22 യാത്രക്കാരില്‍ നിന്നായി 23 കിലോ സ്വര്‍ണം പിടികൂടി

ckmnews

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 22 യാത്രക്കാരില്‍ നിന്നായി 23 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. സ്വര്‍ണം കടത്തിയവരെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയവരും പിടിയിലായി. 


രഹസ്യ വിവരത്തെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നെത്തിയ കസ്റ്റംസ്  പ്രിവൻ്റിവ് യൂണിറ്റാണ് സ്വര്‍ണം പിടികൂടിയത്. രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്തിയ പരിശോധനയിലാണ് 22 യാത്രക്കാര്‍ സ്വര്‍ണവുമായി പിടിയിലായത്.


വിദേശത്തുനിന്നും ഏഴ് വിമാനങ്ങളിൽ എത്തിയവരാണ് പിടിയിലായ യാത്രക്കാര്‍. കണ്ണൂർ ,കാസർക്കോട് , കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് പിടിയിലായത്. വിവിധ വിമാനങ്ങളിലാണ് എത്തിയതെങ്കിലും ഒരു സംഘത്തിലെ കണ്ണികളാണ് പിടിയിലായ എല്ലാവരുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടുള്ള സൂചന. സ്വര്‍ണം മിശ്രിത രൂപത്തിലാണ്  എല്ലാവരും കൊണ്ടു വന്നിട്ടുള്ളത്. ഒരു കിലോയില്‍ താഴെ  സ്വര്‍ണമാണ് ഓരോ യാത്രക്കാരനും കൊണ്ടുവന്നിട്ടുള്ളതെന്നതിനാല്‍ എല്ലാവര്‍ക്കും ജാമ്യം നല്‍കി വിട്ടയക്കുമെന്ന് കസ്റ്റംസ് അധികൃര്‍ പറഞ്ഞു. 


തിരുവനന്തപുരം നയതന്ത്ര സ്വര്‍മണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളിലൊരാള്‍ക്ക് ഈ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളതായി കസ്റ്റംസിന് വിവരം കിട്ടിയിട്ടുണ്ട്. യാത്രക്കാര്‍ക്കു പുറമേ കാരിയർമാരെ കൂട്ടിക്കൊണ്ടു പോവാനെത്തിയവരും കസ്റ്റംസിന്‍റെ  പിടിയിലായിട്ടുണ്ട്. ഇവരെത്തിയ രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. ഡിസേര്‍ട്ട് സ്റ്റോം എന്ന പേരിലായിരുന്നു കസ്റ്റംസിന്‍റെ പ്രത്യേക പരിശോധന.