19 April 2024 Friday

എക്സ്പോയിൽ മുഖ്യമന്ത്രിയെ സ്വീകരിച്ച് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

ckmnews

അബുദാബി: ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ദുബായ്  എക്‌സ്‌പോ വേദിയില്‍ ഊഷ്മള വരവേല്‍പ്പ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മുഖ്യമന്ത്രിയെ സ്വീകരിച്ചു. 


ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാഷിദ് അല്‍ മക്തൂം യുഎഇ ഉപ പ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപ ഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, എമിറേറ്റ്‌സ് എയര്‍ലെയ്ന്‍ ഗ്രൂപ്പ് ചെയര്‍മാനും ദുബായ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയ്യിദ് അല്‍ മക്തൂം എന്നിവരും മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.  


കേരള വ്യവസായ മന്ത്രി പി രാജീവ്, ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് സുധീര്‍, കോണ്‍സല്‍ ജനറല്‍ അമന്‍ പുരി, ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എംഎ യൂസഫ് അലി  എന്നിവരും സന്നിഹിതരായിരുന്നു. 


എക്‌സ്‌പോ 2020ലെ കേരള പവലിയന്‍ ഫെബ്രുവരി നാലിന് വൈകുന്നേരം അഞ്ചു മണിക്ക്  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കേരള പവലിയനില്‍ ഫെബ്രുവരി നാല് മുതല്‍ 10 വരെ നടക്കുന്ന കേരള വീക്കില്‍ വ്യത്യസ്ത പദ്ധതികള്‍, നിക്ഷേപ മാര്‍ഗങ്ങള്‍, ടൂറിസം, ഐടി, സ്റ്റാര്‍ട്ടപ്, വൈദഗ്ധ്യം തുടങ്ങിയവ സംബന്ധിച്ച് അവതരണങ്ങളുണ്ടാകും.