25 April 2024 Thursday

ദിലീപടക്കമുള്ള പ്രതികളുടെ ഫോണുകൾ ഇന്ന് പരിശോധനക്കയച്ചേക്കും

ckmnews

വധശ്രമ ഗൂഡാലോചന കേസില്‍ ദിലീപക്കമുള്ള പ്രതികളുടെ ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിശോധനക്കയച്ചേക്കുംഹൈക്കോടതി നിര്‍ദേശ പ്രകാരം ഇന്നലെ രാത്രിയോടെയാണ് ഫോണ്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ചത്.


ഫോണ്‍ പരിശോധിച്ച ശേഷം അതിന്റെ വിശദാംശങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറും.അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹരജി പരിഗണിക്കല്‍ കോടതി നാളെ പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. പ്രതികള്‍ക്ക് കോടതി പ്രത്യേക പരിഗണന നല്‍കുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ടെന്ന് കോടതി വാക്കാല്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ വാദം നീട്ടി കൊണ്ടുപോകാന്‍ കഴിയില്ലന്നാണ് കോടതിയുടെ നിലപാട്.


ഇതു കൂടാതെ ഗൂഢാലോചന കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനുളള വിലക്ക് നീക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ദിലീപ് ഫോണുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ ക്രൈംബ്രാഞ്ചില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടേണ്ടി വരുമെന്നുമായിരുന്നു ദിലീപിന്റെ വാദം.