25 April 2024 Thursday

സംസ്ഥാനത്ത് 150 പേര്‍ക്ക് കോവിഡ്; എട്ടാം ദിവസവും 100 കടന്ന് രോഗികള്‍

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 150 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 23 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 21 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 18 പേർക്കും, മലപ്പുറം, കൊല്ലം ജില്ലകളിൽ നിന്നുള്ള 16 പേർക്ക് വീതവും കണ്ണൂർ ജില്ലയിൽ നിന്നുള്ള 13 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 9 പേർക്കും, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 7 പേർക്ക് വീതവും, വയനാട് ജില്ലയിൽ നിന്നുള്ള 5 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 4 പേർക്കും, ഇടുക്കി, കാസർകോട് ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിൽ രോഗം ബാധിച്ചവരിൽ ആറുപേർ സി.ഐ.എസ്.എഫുകാരും മൂന്നു പേർ ആർമി ഡി.എസ്.സി. ക്യാന്റീൻ ജീവനക്കാരുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരിൽ രണ്ടു പേർ എയർപ്പോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 91 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 48 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. കുവൈറ്റ്- 50, സൗദി അറേബ്യ- 15, യു.എ.ഇ.- 14, ഖത്തർ - 6, ഒമാൻ- 4, ശ്രീലങ്ക- 1, ഇറ്റലി- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ. മഹാരാഷ്ട്ര - 15, ഡൽഹി- 11, തമിഴ്നാട്- 10, ഹരിയാന- 6, കർണാടക- 2, ഉത്തർപ്രദേശ്- 1, തെലുങ്കാന- 1, ജമ്മു കാശ്മീർ- 1, മധ്യപ്രദേശ്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.

10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ അഞ്ചു പേർക്കും, കൊല്ലം ജില്ലയിലെ രണ്ടു പേർക്കും, കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഒരാൾക്കും (സി.ഐ.എസ്.എഫ്. കാരൻ) വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 65 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിൽ നിന്നുള്ള 18 പേരുടെയും (പാലക്കാട്-2, കോഴിക്കോട്-1), തൃശൂർ ജില്ലയിൽ നിന്നുള്ള 15 പേരുടെയും, കൊല്ലം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 10 പേരുടെ വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള 5 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 2 പേരുടെയും, കണ്ണൂർ (കാസർകോട്-1) ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1,846 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,006 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,63,944 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,61,547 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2,397 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 312 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5859 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,09,456 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 4,510 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 43,032 സാമ്പിളുകൾ ശേഖരിച്ചതിൽ 41,569 സാമ്പിളുകൾ നെഗറ്റീവ് ആയി.