23 April 2024 Tuesday

കേന്ദ്ര ബജറ്റ് : ഇ -പാസ്പോര്ട്ട് , ഡിജിറ്റൽ റുപ്പീ , നാല് മേഖലകളിൽ ഊന്നൽ: ഒന്നര മണിക്കൂറിൽ ബജറ്റ് പ്രസംഗം അവസാനിപ്പിച്ച് നിർമല സീതാരാമൻ

ckmnews

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ കറന്‍സിയായ ഡിജിറ്റില്‍ റുപ്പീ പ്രഖ്യാപിച്ചതിന് ഒപ്പം ഡിജിറ്റല്‍ ആസ്തികള്‍ക്ക് 30 ശതമാനം നികുതിയും ബജറ്റ് നിര്‍ദേശമായുണ്ട്


വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തി കൈമാറ്റത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്‌ 30 ശതമാനമാണ് നികുതി. 


സഹകരണ മേഖലയ്ക്കുള്ള കുറഞ്ഞ നികുതി 15 ശതമാനമായി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 18 ശതമാനമായിരുന്നു. കോര്‍പറേറ്റ്‌ സര്‍ചാര്‍ജും സഹകരണ സര്‍ചാര്‍ജ്‌ 12 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചു.


അതേസമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ എന്‍.പി.എസ് നിക്ഷേപത്തിനുള്ള നികുതി കിഴിവിനുള്ള പരിധി 10ല്‍ നിന്നും 14 ശതമാനമായി ഉയര്‍ത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.


ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പുതിയ സംവിധാനം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. റിട്ടേണിലെ തെറ്റുകള്‍ തിരുത്തുന്നതിനായി നികുതിദായകര്‍ക്ക് അവസരം നല്‍കും. ഇതുപ്രകാരം രണ്ടുവര്‍ഷത്തിനുളളില്‍ നികുതിദായകര്‍ക്ക് അപ്‌ഡേറ്റ് ചെയ്ത റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കും. മറച്ചുവെച്ച വരുമാനം പിന്നീട് വെളിപ്പെടുത്താനും അവസരം നല്‍കും.


സര്‍ക്കാരിന്റെ കൈകള്‍ക്ക് ബലമേകുന്ന രാജ്യത്തെ നികുതിദായകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഡയറക്ട് ടാക്‌സിനെ കുറിച്ച് പ്രതിപാദിക്കുന്ന പ്രസംഗത്തിലെ പാര്‍ട്ട് ബി ധനമന്ത്രി വായിച്ചത്. മഹാഭാരതത്തിലെ ശാന്തിപര്‍വം അധ്യായം പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രസംഗത്തിന്റെ തുടക്കം.


മലിനീകരണ മുക്തമായ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കി 2022-23 കേന്ദ്ര ബജറ്റ്.  ഗ്രീന്‍ മൊബിലിറ്റി ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 


ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനായി ഇലക്ട്രിക് ചാര്‍ജിങ്ങ് സെന്ററുകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളെ മാത്രം ഉള്‍പ്പെടുത്തി പ്രത്യേക സോണുകള്‍ ഒരുക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു.


ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് പുറമെ, ഇത്തരം വാഹനങ്ങളുടെ ബാറ്ററി കൈമാറ്റം ചെയ്യുന്നതിനുള്ള നയവും (ബാറ്ററി സ്വാപ്പിങ്ങ് സംവിധാനം) കേന്ദ്ര സര്‍ക്കാര്‍ ഒരുക്കും. ചാര്‍ജിങ്ങ് കേന്ദ്രങ്ങള്‍ ഒരുക്കാനുള്ള സ്ഥലപരിമിതിയുള്ള പ്രദേശങ്ങളിലായിരിക്കും ഈ സംവിധാനം വരുത്തുക. 


ബാറ്ററികള്‍ നിര്‍മിക്കുന്നതിനും ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനുമായി സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തിന് സഹായിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു. സീറോ ഫോസില്‍ ഫ്യുവല്‍ പോളിസിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും മന്ത്രി അറിയിച്ചു.


ഏഴ് ഗതാഗത മേഖലകളിലാണ് അതിവേഗ വികസനം ലക്ഷ്യമിടുന്നതെന്നാണ് ബജറ്റില്‍ അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ എത്തിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. മെട്രോ മോഡല്‍ ഗതാഗത സംവിധാനങ്ങളുടെ പ്രോത്സാഹനവും സര്‍ക്കാര്‍ പദ്ധതിയിടുന്നു.


സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടിയുടെ പലിശരഹിത വായ്പ ബജറ്റില്‍ പ്രഖ്യാപിച്ചു. രാഷ്ട്രത്തിന്റെ സമഗ്രസാമ്പത്തിക വളര്‍ച്ചയ്ക്കും നിക്ഷേപങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വായ്പ പ്രഖ്യാപിച്ചിരിക്കുന്നത്.


അതത് സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കപ്പെട്ട വായ്പയ്ക്കു പുറമേയുള്ള പലിശരഹിത വായ്പയാണിത്. 50 വര്‍ഷമാണ് വായ്പാകാലാവധി. പ്രധാനമന്ത്രിയുടെ ഗതി-ശക്തി പദ്ധതിയ്ക്കും മറ്റു ഉത്പാദന മുതല്‍മുടക്കിലേക്കുമുള്ള സംസ്ഥാനങ്ങളുടെ ഇടപെടല്‍ കൂടി ഉദ്ദേശിച്ചുകൊണ്ടാണ് ഒരു ലക്ഷം കോടി പലിശരഹിത വായ്പ ബജറ്റില്‍ വകയിരിത്തിയിരിക്കുന്നത്.


 2022-23 വര്‍ഷത്തില്‍ ഡിജിറ്റല്‍ റുപ്പീ പുറത്തിറക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. 


ബ്ലോക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റുപ്പീകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും.


ഇത് സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു