21 March 2023 Tuesday

കണ്ണൂരില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു; രണ്ടു പേര്‍ കസ്റ്റഡിയില്‍

ckmnews

കണ്ണൂരില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു; രണ്ടു പേര്‍ കസ്റ്റഡിയില്‍


കണ്ണൂര്‍: കണ്ണൂരില്‍ ഹോട്ടല്‍ ഉടമ കുത്തേറ്റ് മരിച്ചു. സുഫി മക്കാനി ഹോട്ടല്‍ ഉടമയായ ജംഷീര്‍ ആണ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ സിറ്റി സ്വദേശിയാണ്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.


തിങ്കളാഴ്ച രാത്രി 12.40ഓടെയാണ് സംഭവം. ഹോട്ടല്‍ അടച്ച് കാറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ താഴെത്തെരു ഭാഗത്ത് വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ കയ്യേറ്റത്തിനിടെയാണ് ജംഷീറിന് കുത്തേറ്റത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.  


കൊലപാതകം ആസൂത്രിതമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.