19 April 2024 Friday

മൊഫിയയുടെ ആത്മഹത്യ: ഒന്നാം പ്രതിയായ ഭര്‍ത്താവിന് ജാമ്യം

ckmnews



കൊച്ചി: നിയമവിദ്യാര്‍ഥിനി മൊഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന് ജാമ്യം. ഹൈക്കോടതിയാണ് സുഹൈലിന് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് പ്രതികളായ സുഹൈലിന്റെ മാതാപിതാക്കള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. 


സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് മൊഫിയ പര്‍വീണ്‍ ജീവനൊടുക്കിയത്. 2021 നവംബര്‍ 23-നായിരുന്നു സംഭവം. ഭര്‍ത്താവിനും ഭര്‍തൃമാതാപിതാക്കള്‍ക്കുമെതിരേ ഗാര്‍ഹിക പീഡന പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു മൊഫിയയുടെ ആത്മഹത്യ. കേസില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈലാണ് ഒന്നാം പ്രതി. സുഹൈലിന്റെ മാതാപിതാക്കളായ യൂസഫ്, റുഖിയ എന്നിവരും കേസിലെ പ്രതികളാണ്. 


മൊഫിയ പര്‍വീണ്‍ കേസില്‍ അടുത്തിടെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റപത്രത്തില്‍ ആലുവ സി.ഐ.യായിരുന്ന സുധീറിനെക്കുറിച്ച് പരാമര്‍ശമില്ലാത്തത് കുടുംബത്തിന്റെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മൊഫിയയുടെ ആത്മഹത്യാക്കുറിപ്പിലടക്കം സുധീറിനെതിരേ ഗുരുതരമായ ആരോപണമുണ്ടായിരുന്നു. എന്നാല്‍ പോലീസ് നല്‍കിയ കുറ്റപത്രത്തില്‍ സി.ഐ.യെയുടെ പങ്കിനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല.