25 April 2024 Thursday

പാലക്കാട്ട് കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയിൽ ; പരീക്ഷഫീസ് അടയ്ക്കാന്‍ കഴിയാത്തതിനാലെന്ന് ബന്ധുക്കള്‍

ckmnews



പാലക്കാട്: ഉമ്മിനിയിൽ കോളേജ് വിദ്യാർഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സുബ്രഹ്മണ്യൻ-ദേവകി ദമ്പതിമാരുടെ മകൾ ബീന(20)യെയാണ് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട്ടെ സ്വകാര്യ കോളേജിൽ മൂന്നാംവർഷ ബി.കോം വിദ്യാർഥിനിയാണ് ബീന.


ഞായറാഴ്ച രാവിലെ കുളിക്കാനായി മുറിയിൽ കയറിയ ബീനയെ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുകാണാത്തതിനാലാണ് വീട്ടുകാർ മുറി പരിശോധിച്ചത്. തുടർന്നാണ് ജനലിൽ തൂങ്ങിനിൽക്കുന്നനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ വീട്ടുകാരും അയൽക്കാരും പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


കോളേജിൽ പരീക്ഷാ ഫീസ് അടയ്ക്കാൻ കഴിയാത്തതിനാൽ മനംനൊന്താണ് ബീന ജീവനൊടുക്കിയതെന്നാണ് സഹോദരന്റെയും കുടുംബത്തിന്റെയും ആരോപണം. കഴിഞ്ഞദിവസം ബീനയുടെ അമ്മ കോളേജിൽ ഫീസ് അടയ്ക്കാനായി പോയിരുന്നു. എന്നാൽ കോളേജിലെ ട്യൂഷൻ ഫീസ് മാത്രമാണ് കോളേജ് അധികൃതർ സ്വീകരിച്ചത്. പരീക്ഷാഫീസിന്റെ ലിങ്ക് സർവകലാശാലയ്ക്ക് അയച്ചുനൽകിയെന്നും ഇനി അടയ്ക്കാനാകില്ലെന്നുമായിരുന്നു കോളേജ് ജീവനക്കാരുടെ മറുപടി. തുടർന്ന് അമ്മ തിരികെ വീട്ടിലെത്തി ഇക്കാര്യം ബീനയോട് പറഞ്ഞു. ഫീസ് അടയ്ക്കാൻ കഴിയില്ലെന്നറിഞ്ഞതോടെ ബീന ഏറെ അസ്വസ്ഥയായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ പരാതി.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)