20 April 2024 Saturday

കർഷകർക്കുള്ള യന്ത്രോപകരണങ്ങൾ തടഞ്ഞ് വച്ചു കൂളൻ പടവിൽ 100 ഏക്കറോളം നെൽകൃഷി പ്രതിസന്ധിയിൽ ആശങ്കയോടെ കർഷകർ

ckmnews

കർഷകർക്കുള്ള യന്ത്രോപകരണങ്ങൾ തടഞ്ഞ് വച്ചു


കൂളൻ പടവിൽ 100 ഏക്കറോളം നെൽകൃഷി പ്രതിസന്ധിയിൽ ആശങ്കയോടെ കർഷകർ


ചങ്ങരംകുളം:പൊന്നാനി കോൾ മേഖലയിലെ പ്രധാന കോൾപടവുകളിൽ ഒന്നായ നന്നംമുക്ക് പഞ്ചായത്തിലെ കൂളൻപടവിലെ നൂറേക്കറോളം നെൽകൃഷി പ്രതിസന്ധിയിലാണെന്ന പരാതിയുമായി കർഷകർ രംഗത്ത്.കൃഷിയിറക്കുന്നതിനാവശ്യമായ യന്ത്രോപകരണങ്ങൾ പഴയ കോൾകമ്മിറ്റി ഭാരവാഹികൾ തടഞ്ഞ് വെക്കുകയും കർഷകർ ഉൾപ്പെടുന്ന പുതിയ കോൾകമ്മിറ്റിക്ക് കൈമൊറാതിരിക്കുകയും ചെയ്തതാണ് പ്രതിസന്ധിക്ക് കാരണം.കോൾ നിലങ്ങളിൽ പലയിടത്തും കൃഷി ആരംഭിച്ചെങ്കിലും സർക്കാർ സംവിധാനം നോക്കുകുത്തി ആയതാണ്  അനാസ്ഥക്ക് കാരണമെന്നും കൃഷി മുടങ്ങിയാൽ പ്രദേശത്തെ നൂറ് കണക്കിന് കർഷകരുടെ അന്നം മുട്ടുമെന്നും കർഷകർ കണ്ണീരോടെ പറയുന്നു


നന്നംമുക്ക് പഞ്ചായത്തിലെ "കൂളൻ പുഞ്ചകോൾ സമിതി" ക്ക് കാലഹരണ പ്പെട്ട കമ്മിറ്റിയാണ് ഉണ്ടായിരുന്നത്.രണ്ട് വർഷമായി കർഷകരുടെ ജനറൽബോഡിയോഗം വിളിക്കാതിരിക്കുകയും, തുടർന്ന് കൃഷിക്കാർ ഈ മേഖലയിലെ പുഞ്ച സമിതികളുടെ കൺവീനർ ആയ തൃശൂർ ജില്ലാകളക്ടർക്ക് പരാതിനൽകുകയും ചെയ്തിരുന്നു.തുടർന്ന് തൃശൂർ പുഞ്ച സ്പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ കർഷകരുടെ യോഗംവിളിച്ചു ചേർത്ത് ഈ വർഷത്തെ കൃഷി നടത്താൻ മാത്രമായി താൽകാലിക കമ്മിറ്റിയെ തിരഞ്ഞെടുത്തെങ്കിലും പഴയ കമ്മിറ്റി ഭാരവാഹികൾ കൃഷിയിറക്കുന്നതിന് വെള്ളം വറ്റിക്കാനുള്ള മോട്ടോറുകളും അനുബന്ധഉപകരണങ്ങളും പിടിച്ചു വെച്ചിരിക്കുകയാണെന്നാണ് കർഷകരുടെ പരാതി.


പോലീസ് സഹായത്തോടെ ഉപകരണങ്ങൾ പിടിച്ചെടുക്കാൻ തൃശൂർ ഡെപ്യുട്ടി കളക്ടർ നന്നംമുക്ക് കൃഷി ഓഫീസർക്ക്  നിർദ്ദേശം നൽകുകയും അതനുസരിച്ച് നന്നംമുക്ക് കൃഷി ഓഫീസർ ചങ്ങരംകുളം പോലീസിൽ പരാതി നൽകുകയും ചെയ്തെങ്കിലും നാളിതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും കർഷകർ പറയുന്നു.


വിത്ത് വിതച്ച് ഇന്നേക്ക് 23 ദിവസം കഴിഞ്ഞെങ്കിലും.അടുത്ത ദിവസത്തിനുള്ളിൽ പമ്പിങ് നടത്തി വെള്ളം വറ്റിച്ച് നിലം റെഡിയാക്കി ഞാറ് പറിച്ചു നട്ടില്ല എങ്കിൽ 100 ഏക്കറോളം വരുന്ന കൃഷി നടക്കാതെ വരികയും നൂറുകണക്കിന് ജനങ്ങളുടെ ഉപജീവനമാർഗം ഇല്ലാതെയാവുകയും ചെയ്യുമെന്നുമാണ് കർഷകരുടെ പരാതി