19 April 2024 Friday

കെഎസ്ആർടിസി ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു

ckmnews

കെഎസ്ആർടിസിയുടെ ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. ബത്തേരി സ്റ്റോർറൂമിലാണ് സംഭവം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിന് നൽകാനുള്ള ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീനാണ് പൊട്ടിത്തെറച്ചത്. അപകടത്തിൽ കണ്ടക്ടർക്ക് പരുക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിച്ച ശേഷം നിലത്ത് കിടന്ന് ഒന്നര മിനിറ്റോളം കത്തുന്നുണ്ടായിരുന്നു.

കെ.എസ്.ആർ.ടി.സിയുടെ ഐടി സംഘം തിരുവനന്തപുരത്ത് നിന്ന് ബത്തേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 13,500 രൂപയാണ് പുതിയതായി വാങ്ങിയ ഒരു ഇ.ടി.എമ്മിന്റെ വില. വിശദമായ പരിശോധന നടക്കുന്നുവെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
നേരത്തെ തന്നെ ഇടിഎമ്മുമായി ബന്ധപ്പെട്ട് ചില ആക്ഷേപങ്ങൾ ഉയർന്നിരുന്നു. മെഷീനിൽ അവകാശപ്പെടുന്നത് പോലെ ജിപിഎസ് സംവിധാനം മെഷീനിൽ ഇല്ലെന്നായിരുന്നു അതിലൊന്ന്. മറ്റൊന്ന് മെഷീൻ ഉപയോ​ഗിക്കുന്ന സമയത്ത് അധികമായി ചൂടാകുന്നു എന്നതായിരുന്നു. ഇലക്രോണിക് മെഷീൻ വാങ്ങിയതുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു.