25 April 2024 Thursday

ഫെയർ ആന്റ് ലവ്ലി ഉത്പന്നങ്ങളുടെ പേരിലുള്ള ഫെയർ എടുത്തുകളയാനൊരുങ്ങി യൂണിലിവർ

ckmnews



ഫെയർ ആന്റ് ലവ്ലി ഉത്പന്നങ്ങളുടെ പേരിലുള്ള ഫെയർ എടുത്തുകളയാനൊരുങ്ങി യൂണിലിവർ. തൊലിയുടെ നിറം വെളുത്തതാക്കാൻ ഈ ഉത്പന്നങ്ങൾ സഹായിക്കുന്നുവെന്ന് കമ്പനിയുടെ അവകാശ വാദത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം.

ഇത് പ്രകാരം ഇനി മുതൽ യൂണിലിവറിന്റെ സ്‌കിൻ ക്രീമിലെ ‘ഫെയർ’ എന്ന വാക്ക് ഇനി ഉപയോഗിക്കില്ല. അതേസമയം, റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിനുശേഷമേ പുതിയ പേരിന്റെ പ്രഖ്യാപനമുണ്ടാവുവെന്നും കമ്പനി അറിയിച്ചു.


വെളുത്ത നിറം നൽകുമെന്ന അവകാശ വാദം ഉന്നയിക്കുന്ന ഉത്പന്നങ്ങൾക്കതിരേ സാമൂഹിക മാധ്യമങ്ങളിലും മറ്റും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പേര് മാറ്റാൻ ആലോചിക്കുന്നത്. മാത്രമല്ല, സ്‌കിൻ വൈറ്റനിംഗ്, സ്‌കിൻ ലൈറ്റനിംഗ് എന്നീ വാക്കുകൾക്ക് പകരം സ്‌കിൻ റജുവിനേഷൻ, സ്‌കിൻ വൈറ്റാലിറ്റി എന്ന വാക്കുകൾ ഉപയോഗിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.


യൂണിലിവറിന്റെ ഇന്ത്യൻ കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ തൊലിയുടെ നിറത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്കെതിരെ മുൻപും ജനരോഷം ഉയർന്നിരുന്നതാണ്. എന്നാൽ, അമേരിക്കയിൽ സമീപകാലത്ത് കറുത്തവർഗക്കാർക്കെതിരെ ഉണ്ടായ അക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് സംഭവം വീണ്ടും പൊതുജനമധ്യത്തിൽ ചർച്ചയാവുന്നത്.