25 April 2024 Thursday

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവിൽ രാജ്യം

ckmnews

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവിൽ രാജ്യം


ന്യൂഡൽഹി: രാജ്യം ഇന്ന് 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ കനത്ത നിയന്ത്രണങ്ങളോടെയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പരേഡ് സഞ്ചരിക്കുന്ന ദൂരം മൂന്ന് കിലോമീറ്ററായി ചുരുക്കി. 8.2 കിലോമീറ്ററായിരുന്നു മുൻപ് സഞ്ചരിച്ചിരുന്ന ദൂരം. വിജയ്ചൗക്കിൽ നിന്ന് തുടങ്ങുന്ന പരേഡ് ഇന്ത്യ ഗേറ്റിനടുത്തുള്ള നാഷണൽ സ്റ്റേഡിയത്തിൽ അവസാനിപ്പിക്കും.


ഡൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്താനയുടെ നേതൃത്വത്തിൽ 27,000 പോലീസുകാരെ സുരക്ഷയ്‌ക്കായി നിയോഗിച്ചിട്ടുണ്ട്. അതേസമയം, പരേഡിൽ പങ്കെടുക്കുന്ന ടീമുകളിലെ അംഗങ്ങളുടെ എണ്ണവും കുറച്ചിട്ടുണ്ട്. ഇത്തവണ വിശിഷ്ടാതിഥിയില്ല.


1950 ജനുവരി 26നാണ് ഇന്ത്യയുടെ ഭരണഘടന പ്രാബല്യത്തിൽ വരുന്നത്. ധാരാളം നാൾവഴികൾ പിന്നിട്ട ഇന്ത്യയുടെ സ്വന്തം ഭരണഘടന, നിയമപരമായി പ്രാബല്യത്തിൽ വന്ന ദിവസമാണ് റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. 1949 നവംബർ 26 നാണ് ഇന്ത്യൻ ഭരണഘടന ആദ്യമായി അംഗീകരിക്കപ്പടുന്നത്. അതിനാൽ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു.


‘ജനക്ഷേമരാഷ്‌ട്രം’ എന്നാണ് റിപ്പബ്ലിക്ക് എന്ന വാക്കിന്റെ അർത്ഥം. ‘റെസ് പബ്ലിക്ക’ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഈ വാക്കുണ്ടായത്. പ്രത്യേക ഭരണഘടനയ്‌ക്ക് കീഴിൽ രാജ്യത്തെ ഭരണം നിർവ്വഹിക്കുന്നതിനുള്ള രാഷ്‌ട്രത്തലവനെ ജനങ്ങൾ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനിൽക്കുന്ന രാഷ്‌ട്രങ്ങളെയാണ് ‘റിപ്പബ്ലിക്ക്’ എന്ന് വിളിക്കുന്നത്.