24 April 2024 Wednesday

മാളും, ബാറും തുറന്നിട്ട് തീയറ്റർ അടച്ചു; നിയന്ത്രണങ്ങൾക്കെതിരെ തീയറ്റർ ഉടമകളുടെ ഹർജി

ckmnews

കൊച്ചി: കൊവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ തീയറ്റർ ഉടമകൾ ഹൈക്കോടതിയിൽ. ഞായറാഴ്ചകളിൽ തീയറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് തീയറ്റർ ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിൽ തീയേറ്ററുകൾ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യം ഉയർത്തിയിട്ടുണ്ട്. മാളുകൾക്കും വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും ഇളവുകൾ നൽകിയിട്ടും തീയറ്ററുകൾ അടച്ചിടാൻ നിർദ്ദേശിക്കുന്നത് വിവേചനപരമെന്നാണ് ഹർജിക്കാർ പറയുന്നത്.


50 ശതമാനം ശതമാനം സീറ്റുകളിൽ പ്രവേശനം നൽകി തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ തിരുവനന്തപുരത്തെ നിയന്ത്രണങ്ങൾ സംബന്ധിച്ച വാർത്തകൾ വനന്നപ്പോൾ തന്നെ ഫിയോക് ഇതിനെതിരെ രം​ഗത്ത് വന്നിരുന്നു. ജില്ലയിലെ തിയേറ്ററിൽ ഒരു ദിവസം വരുന്ന ആളുകളുടെ ഇരട്ടി ഒരു മണിക്കൂർ കൊണ്ട് ബാറുകളിലും മാളുകളിലും എത്തുന്നുണ്ടെന്ന് ഫിയോക് പ്രസിഡണ്ട് വിജയകുമാർ പറഞ്ഞു.


മുന്നറിയിപ്പിന്‍റെ അവസാനഘട്ടം, തലസ്ഥാനത്ത് 'സി' നിയന്ത്രണം; തീയറ്ററടക്കം പൂട്ടി, മാളും ബാറും തുറക്കും

മുന്നറിയിപ്പിൻ്റെ അവസാനഘട്ടമായ സി കാറ്റഗറിയിലേക്ക് കടന്നതോടെ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ ഇന്ന് മുതൽ കർശനമാക്കി. ജില്ലയിൽ ഒരുതരത്തിലുള്ള  ആൾക്കൂട്ടവും പാടില്ലെന്നാണ് നിർദ്ദേശം. തീയേറ്ററുകളും ജിംനേഷ്യങ്ങളും നീന്തൽക്കുളങ്ങളുമടക്കം അടച്ചിടും. ആരാധനാലയങ്ങളിലെ ചടങ്ങുകൾ ഓൺലൈനായി നടത്തണം. പത്ത്, പന്ത്രണ്ട്, ബിരുദ, ബിരുദാന്തര കോഴ്സുകളുടെ അവസാനവർഷമൊഴികെ എല്ലാ ക്ലാസുകളും ഓൺലൈനാക്കും.


ട്യൂഷൻ ക്ലാസുകളും അനുവദിക്കില്ല. വിവാഹ മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം.  ജില്ലയിൽ വെള്ളിയാഴ്ച്ച തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരടക്കം യോഗത്തിൽ പങ്കെടുക്കും. ശേഷമാകും കൂടുതഷ തീരുമാനങ്ങൾ ഉണ്ടാകുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏകോപിച്ച് നിയന്ത്രണം ശക്തമാക്കാനാണ് നിലവിലെ നിർദേശം.