29 March 2024 Friday

ജലജീവൻ മിഷൻ പ്രവൃത്തികൾ ഊർജിതമാക്കാൻ സ്പീക്കറുടെ നിർദ്ദേശം

ckmnews

ജലജീവൻ മിഷൻ പ്രവൃത്തികൾ ഊർജിതമാക്കാൻ സ്പീക്കറുടെ നിർദ്ദേശം


സ്പീക്കര്‍ എംബി രാജേഷിന്റെ നേതൃത്വത്തില്‍ തൃത്താല നിയോജക മണ്ഡലത്തിലെ ജലജീവന്‍ മിഷന്‍ പ്രവൃത്തികളുടെ അവലോകന യോഗം ‍ചേര്‍ന്ന് പദ്ധതി പുരോഗതി വിലയിരുത്തി. കുടിവെള്ള ക്ഷാമം രൂക്ഷമായ 92 സ്ഥലങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. മോട്ടോര്‍ തകരാറിലായതിനെ തുടര്‍ന്ന് രണ്ട് ദിവസമായി നിലച്ചു പോയ കുടിവെള്ള വിതരണം രണ്ട് ദിവസത്തിനകം പുനഃസ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സ്പീക്കര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. തൃത്താല, തിരുമിറ്റക്കോട്, ചാലിശ്ശേരി, നാഗലശ്ശേരി പഞ്ചായത്തുകളിലെ ഒന്നും രണ്ടും ഘട്ട പ്രവ‍ൃത്തികളില്‍ ഉള്‍പ്പെട്ട 5800  കണക്ഷനുകള്‍ ഈ മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാവും. 3975 കണക്ഷനുകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. പട്ടിത്തറ, ആനക്കര, കപ്പൂര്‍ പഞ്ചായത്തുകളിലെ പ്രവൃത്തികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. പരുതൂര്‍ പഞ്ചായത്തിലെ 4942 വീടുകളിലേക്ക് ഒക്ടോബറോടു കൂടി കുടിവെള്ളം ലഭ്യമാക്കുന്ന തരത്തില്‍ പ്ലാന്റ് നിര്‍മ്മാണവും പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും  നടന്നു വരുന്നു. ഓണ്‍ ലൈനായി ചേര്‍ന്ന യോഗത്തില്‍  വാട്ടര്‍ അതോറിറ്റി തൃശ്ശൂര്‍ പി.എച്ച് ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍, നാട്ടിക പ്രോജക്ട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പാലക്കാട് പ്രോജക്ട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍,എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷൊര്‍ണൂര്‍ എന്നിവര്‍ പങ്കെടുത്തു.